ബിജെപി ദേശീയ നിർവാഹക സമിതി: മോദി ഭരണം ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചു

Tuesday 17 January 2023 12:20 AM IST

ന്യൂഡൽഹി: വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാരിന് കഴിഞ്ഞെന്നും ,പ്രതിപക്ഷം ഉയർത്തിയ എല്ലാ ആരോപണങ്ങളും കഴമ്പില്ലാത്തവയാണെന്ന് തെളിഞ്ഞെന്നും ഇന്നലെ ഡൽഹിയിൽ തുടങ്ങിയ ദ്വിദിന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിലെ രാഷ്‌ട്രീയ പ്രമേയം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലാകും ബി.ജെ.പി

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് സൂചനയും നൽകുന്നതാണ് പ്രമേയം.

ഒമ്പത് വിഷയങ്ങളെ അധികരിച്ചാണ് രാഷ്‌ട്രീയ പ്രമേയത്തിന്മേൽ ചർച്ച നടന്നതെന്ന് യോഗ തീരുമാനങ്ങൾ അറിയിച്ച കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.ജി 20, ഷാങ്ഹായ് സഹകരണ ഉച്ചകോടി തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ പ്രധാനമന്ത്രിയുടെ നിലപാടുകൾക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ലഭിച്ചതും അഭിനന്ദനം ഏറ്റുവാങ്ങിയതും വലിയ നേട്ടമായി . മോദി എന്ന ബ്രാൻഡ് ആഗോളതലത്തിൽ സ്വീകരിക്കപ്പെട്ടു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം മോദിയുടെ ശക്തമായ നേതൃത്വത്തിന് ഉദാഹരണമാണ്.. ഭരണവിരുദ്ധ വികാരത്തെ അനുകൂല തരംഗമാക്കി മാറ്റാൻ മോദിയുടെ നേതൃത്വത്തിന് കഴിഞ്ഞു. പട്ടികജാതി, ആദിവാസി മേഖലകളടക്കം മുൻപ് വിജയം നേടാൻ കഴിയാതിരുന്ന ഇടങ്ങളിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്‌‌ച വച്ചു. ഹിമാചൽ പ്രദേശിൽ ഭരണത്തുടർച്ച ലഭിച്ചില്ലെങ്കിലും മികച്ച പ്രകടനം

നടത്തി. തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയെയും അഭിനന്ദിച്ചു.

പെഗസസ് ഫോൺ ചോർത്തൽ, റാഫേൽ ഇടപാട്, ഇഡിയുടെ കള്ളപ്പണ അന്വേഷണം, സെൻട്രൽ വിസ്‌ത, സാമ്പത്തിക സംവരണം, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രിക്കെതിരെ ആരോപണമുയന്നിച്ച പ്രതിപക്ഷത്തിന് സുപ്രീംകോടതി വിധികൾ തിരിച്ചടിയായെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി ജനഹിതത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് തെളിഞ്ഞു.പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീബാത്തിലൂടെ രാഷ്‌ട്രീയേതര പ്ളാറ്റ്ഫോമിൽ ജനങ്ങളെ എങ്ങനെ കൂട്ടിയിണക്കാമെന്ന് പ്രധാനമന്ത്രി തെളിയിച്ചു.

എല്ലാ തിര‌ഞ്ഞെടുപ്പിലും വിജയിക്കണം

ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടക, ത്രിപുര, നാഗലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ബി.ജെ.പി വിജയം ഉറപ്പാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഒരു ടേം കൂടി തുടരുന്നത് സംബന്ധിച്ച് ഇന്നലെ ചർച്ചയൊന്നും നടന്നില്ലെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. കേരളത്തിൽ നിന്ന് വി.മുരളീധരൻ, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്‌ണദാസ്, എ.പി. അബ്‌ദുള്ളക്കുട്ടി, എം. ഗണേശ്, കെ.സുഭാഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.