കേരളകൗമുദി ചൂണ്ടിക്കാട്ടി, നഗരത്തിൽ വെട്ടിപ്പൊളിച്ചിട്ട റോഡുകൾക്ക് ശാപമോക്ഷം

Tuesday 17 January 2023 3:15 AM IST

തിരുവനന്തപുരം: സ്‌മാർട്ട് റോഡുകളുടെ നിർമ്മാണത്തിനായി നഗരത്തിൽ വെട്ടിപ്പൊളിച്ചിട്ട റോഡുകൾക്ക് ശാപമോക്ഷം. മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിൽ നഗരത്തിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനമെടുത്തു. വെട്ടിപ്പൊളിച്ചിട്ട നഗരത്തിലെ റോഡിലൂടെ നഗരവാസികൾ നടത്തുന്ന ദുരിതയാത്രയെപ്പറ്റി 'കുഴികടക്കാതെ നഗരപാതകൾ' എന്ന പേരിൽ കേരള കൗമുദി പ്രസിദ്ധീകരിച്ച പരമ്പര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. യോഗത്തിൽ കൗൺസിലർമാരും സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു. മാർച്ചിനു മുമ്പ് എല്ലാ റോഡുകളും ടാറിട്ട് ഗതാഗത യോഗ്യമാക്കണമെന്ന് സ്മാർട്ട് സിറ്റി അധികൃതർക്ക് നിർദ്ദേശം നൽകി. ഒമ്പത് വാർഡുകളിൽ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന എല്ലാ റോഡുകളും സ്മാർട്ട് സിറ്റിയുടെ ഫണ്ടുപയോഗിച്ച് ടാർ ചെയ്യണമെന്നും നഗരസഭയിൽ ചേർന്ന യോഗത്തിൽ ധാരണയായി.

ആറ്റുകാൽ പൊങ്കാലയ്‌ക്ക് മുമ്പ് തീർക്കണം

മാർച്ച് ഏഴിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്‌ക്ക് മുമ്പ് പണികൾ പൂർത്തിയാക്കണമെന്നാണ് പ്രത്യേക നിർദ്ദേശം.നീണ്ടാൽ നടപടിയുണ്ടാകും ജോലികളുടെ മേൽനോട്ടത്തിന് നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കരാർ ചെറുടെൻഡറുകളായി നൽകും

ഒരുമിച്ച് കരാർ നൽകിയാൽ ജോലികൾ കുഴയുമെന്ന സാഹചര്യത്തിൽ ചെറു ടെൻഡറുകളായി കരാർ നൽകാനാണ് തീരുമാനം. ഒരു കിലോമീറ്റർ,രണ്ട് കിലോമീറ്റർ എന്നിങ്ങനെ ടെൻ‌ഡറുകൾ നൽകും. പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ ഇത്തരത്തിലുള്ള നീക്കം. ഇതിനുള്ള നടപടികൾ നഗരസഭയിൽ ആരംഭിച്ചുകഴിഞ്ഞു. സമയം പാഴാക്കാതെ ടെൻഡറുകൾ വിളിച്ച് കരാ‌ർ നൽകാനാണ് തീരുമാനം.നഗരസഭയുടെ പതിവ് കോൺട്രാക്ടമാർക്ക് കരാറെടുക്കാൻ താത്പര്യമുണ്ടെങ്കിൽ ടെൻഡർ നടപടികളില്ലാതെ അവർക്ക് നൽകണമെന്ന നിർദ്ദേശം യോഗത്തിലുയർന്നെങ്കിലും സംഭവം വിവാദത്തിലായേക്കുമെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാണിച്ചതോടെ പരിശോധിച്ച് തീരുമാനമെടുക്കാൻ സ്‌മാർട്ട് സിറ്റി അധികൃതർക്ക് നഗരസഭ നിർദ്ദേശം നൽകി.