ബൈക്കിൽ ജീപ്പിടിച്ചു ഗുരുതരമായി പരിക്കേറ്റ യുവാവിന് രക്ഷകയായി കളക്ടർ

Tuesday 17 January 2023 2:07 AM IST

തൃശൂർ : ബൈക്കിൽ ജീപ്പിടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകയായി കളക്ടർ. അപകടത്തിൽ ഗുരുതര പരിക്കേറ്റയാളെ കളക്ടറുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളുത്തൂർ സ്വദേശി ചിരയാത് വീട്ടിൽ നിതിനാണ് (30) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ സ്വന്തം വാഹനത്തിൽ വരുന്നതിനിടെ, തൃശൂർ കിഴക്കുംപാട്ടുകരയിലായിരുന്നു അപകടം. ജീപ്പ് നിതിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ച് കയറുകയായിരുന്നു. അപകടം കണ്ട് വാഹനം നിറുത്തിയ കളക്ടർ കാലിന് ഗുരുതര പരിക്ക് പറ്റിയ യുവാവിനെ അതിവേഗത്തിൽ ആശുപത്രിയിലെത്തിച്ചു. ഉടനെ കളക്ടർ തൃശൂർ ആക്ട്‌സ് പ്രവർത്തകരെ വിവരം അറിയിച്ച് ആംബുലൻസെത്തിച്ചു. പൊലീസിന്റെയും കളക്ടറുടെയും അറിയിപ്പിനെ തുടർന്ന് ആക്ട്‌സ് പ്രവർത്തകർ സ്ഥലത്തെത്തി യുവാവിനെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ചു. യുവാവിനെ ആശുപത്രിയിലെത്തിച്ച് വീട്ടുകാരെത്തിയ ശേഷമേ മടങ്ങാവൂ എന്ന നിർദ്ദേശവും കളക്ടർ നൽകി.