കേന്ദ്ര ഭക്ഷ്യധാന്യ പരിഷ്‌കരണം സംസ്ഥാനം പഠിച്ചിട്ടില്ലെന്ന് റേഷൻ ഡീലേഴ്‌സ് അസോ.
തൃശൂർ: കേന്ദ്രം നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ വിതരണം അടക്കമുള്ള പുതിയ പരിഷ്‌കാരം സംസ്ഥാനസർക്കാർ ഇതുവരെ പഠിച്ചിട്ടില്ലെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. രണ്ട് ദശലക്ഷം മെട്രിക് ടൺ അരിയുടെ കുറവാണ് പുതിയ പരിഷ്‌കാരത്തിലൂടെ നഷ്ടമാകുക. ഇത് വാങ്ങിയെടുക്കാൻ സമ്മർദ്ദം ചെലുത്തണം. കേന്ദ്രസർക്കാർ റേഷൻ വ്യാപാരികളുടെ വേതനം ഉൾപ്പെടെ ആനുകൂല്യങ്ങൾ ഏറ്റെടുക്കണം. വ്യാപാരികളുടെ പ്രശ്‌നം ചർച്ച ചെയ്യാൻ സംസഥാന സർക്കാർ തയാറാകണം. വിവിധ കേന്ദ്ര സംസ്ഥാന വകുപ്പുകളുടെ നിരന്തര പരിശോധനയാണ് റേഷൻകടകളിൽ നടക്കുന്നത്. റേഷൻകട കേന്ദ്രീകരിച്ചുള്ള നിരന്തര പരിശോധന 40 ശതമാനം വരുന്ന വ്യാപാരികളെ ഒഴിഞ്ഞുപോകാൻ പ്രേരിപ്പിക്കുന്നതാണെന്ന് സംസ്ഥാന പ്രസിഡന്റ് ജോണിനെല്ലൂർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, പി.ഡി പോൾ, സെബാസ്റ്റ്യൻ ചൂണ്ടൽ എന്നിവരും പങ്കെടുത്തു.