ഇറ്റാലിയൻ മാഫിയ തലവൻ മാറ്റിയോ മെസീന ഡെനേറോ അറസ്റ്റിൽ
Tuesday 17 January 2023 5:08 AM IST
റോം: 30 വർഷമായി ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ ഇറ്റാലിയൻ മാഫിയ തലവൻ മാറ്റിയോ മെസീന ഡെനേറോ അറസ്റ്റിൽ. സിസിലിയിലെ പലേർമോയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തുന്നതിനിടെയാണ് മാറ്റിയോ പിടിയിലായത്. 1992ൽ രണ്ടു പ്രോസിക്യൂട്ടർമാരെ വധിച്ച കേസിൽ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട മാറ്റിയോ തൊട്ടടുത്ത വർഷമാണ് ഒളിവിൽ പോയത്. ഫ്ലോറൻസ്, റോം, മിലാൻ എന്നിവിടങ്ങളിൽ ബോംബ് ആക്രമണം നടത്തിയതിനും ഇയാൾ ജീവപര്യന്തം ശിക്ഷ നേരിടുന്നുണ്ട്. ഡസൻകണക്കിന് കൊലപാതകങ്ങളിലും മാറ്റിയോയ്ക്ക് പങ്കുണ്ടെന്ന് കരുതുന്നു. ഒളിവിൽ കഴിയുമ്പോഴും മാഫിയ പ്രവർത്തനങ്ങൾ മാറ്റിയോ നിയന്ത്രിച്ചിരുന്നു.