നേപ്പാൾ വിമാനാപകടം : ബ്ലാക്ക് ബോക്സ് കണ്ടെത്തി  72 പേരും മരണമടഞ്ഞതായി നേപ്പാൾ സ്ഥിരീകരിച്ചു  2 മൃതദേഹങ്ങൾ കണ്ടെത്താനായില്ല

Tuesday 17 January 2023 5:08 AM IST

കാഠ്മണ്ഡു : നേ​പ്പാ​ളി​ൽ​ 6​8​ യാ​ത്ര​ക്കാ​രും​ നാ​ല് ജീ​വ​ന​ക്കാ​രു​മാ​യി​ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ​ പൊ​ഖാ​റ​യി​ൽ ​ തകർന്നുവീണ യെ​തി​ എ​യ​ർ​ലൈ​ൻ​സ് വി​മാ​നത്തിന്റെ ബ്ലാക്ക് ബോക്സും (ഫ്ലൈറ്റ് ഡേറ്റ റെക്കാഡർ) കോക്‌പിറ്റ് വോയ്‌സ് റെക്കാഡറും സൈന്യം കണ്ടെത്തി. വിദഗ്ദ്ധ പരിശോധനയ്ക്കായി സിവിൽ ഏവിയേഷൻ അതോറിട്ടിക്ക് കൈമാറിയ ഇവയ്ക്ക് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല. മൂന്നാമത്തെ റൺവേക്ക് പകരം പൈലറ്റ് ഒന്നാം റൺവേ ആവശ്യപ്പെട്ടത് അനുവദിച്ചപ്പോഴും അസ്വാഭാവികമായ ഏതെങ്കിലും സന്ദേശം കൈമാറിയിരുന്നില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. കാഴ്ച വ്യക്തമാവുന്ന വിധത്തിലുള്ള കാലാവസ്ഥയായിരുന്നു.

അതേസമയം,​ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി നേപ്പാൾ ഇന്നലെ സ്ഥിരീകരിച്ചു. 70 മൃതദേഹങ്ങളാണ് തകർന്ന ഇരട്ട എൻജിൻ എ.ടി.ആർ - 72 വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കി‌ടയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്. 2 പേർക്കായി ഇന്നലെയും വ്യാപക തെരച്ചിൽ നടന്നു. ഇവരെ ജീവനോടെ കണ്ടെത്താനാകുമെന്ന് കരുതുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ഈ മൃതദേഹങ്ങൾ കണ്ടെത്താൻ നേപ്പാൾ സൈന്യം ഇന്നും തെരച്ചിൽ തുടരും.

മേഘാവൃതമായ കാലാവസ്ഥ ഇന്നലെ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. 41 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഈ മൃതദേഹങ്ങൾ ഇന്ന് കാഠ്മണ്ഡുവിലെത്തിക്കും. മൃതദേഹങ്ങൾ പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. മരിച്ചവരിൽ നേപ്പാളിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായ ത്രിഭുവൻ പൗദ്യാലും (37) ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഫെഡറേഷൻ ഒഫ് നേപ്പാളീസ് ജേർണലിസ്റ്റ്സ് സംഘടനയിലെ സെൻട്രൽ എക്സിക്യുട്ടീവ് അംഗമാണ്.

അതേസമയം, മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടായ വലിയ വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി നേപ്പാളിൽ ഇന്നലെ ദേശീയ ദുഃഖാചരണം നടത്തി. അപകടത്തിൽ മരിച്ച 5 ഇന്ത്യക്കാരിൽ 4 പേർ യു.പി സ്വദേശികളും ഒരാൾ ബീഹാർ സ്വദേശിയുമാണ്.

ഞായറാഴ്ച രാ​വി​ലെ​ 1​0​.5​0​നാ​ണ് കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വി​മാ​നം ലാ​ൻ​ഡിം​ഗി​ന് മി​നി​റ്റു​ക​ൾ​ മാ​ത്രം​ ശേ​ഷി​ക്കെയാണ് പൊ​ഖാ​റ​യിൽ സേ​തി​ ന​ദി​യു​ടെ​ ക​ര​യി​ൽ​ കു​ന്നു​ക​ൾ​ക്കി​ട​യി​ലുള്ള ഗ​ർ​ത്ത​ത്തി​ൽ തകർന്ന് വീ​ണ​ത്. പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. 300 മീറ്റർ ആഴത്തിലുള്ള ഗർത്തത്തിൽ നിന്ന് സൈനികർ ഏറെ ബുദ്ധിമുട്ടിയാണ് മൃതദേഹങ്ങൾ വീണ്ടെടുത്തത്. അപകടം അന്വേഷിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ നിർദ്ദേശിക്കാനും നേപ്പാൾ സർക്കാർ വിദഗ്ദ്ധ പാനൽ രൂപീകരിച്ചു.

 പൈലറ്റ് ദമ്പതികളെ മരണം തട്ടിയെടുത്തത് 16 വർഷത്തെ ഇടവേളയിൽ

കാഠ്മണ്ഡു: 16 വർഷം മുമ്പ് പൈലറ്റായ ഭർത്താവിനെ തേടിയെത്തിയ ദുരന്തം അഞ്ജു ഖതിവാഡ എന്ന 44കാരിയുടെ ജീവിതത്തിലും ആവർത്തിച്ചു. ഞായറാഴ്ച അപകടത്തിൽപ്പെട്ട യെതി എയർലൈൻസിന്റെ എ.ടി.ആർ 72 - 500 വിമാനത്തിലെ കോ പൈലറ്റായിരുന്നു അഞ്ജു. 2006 ജൂൺ 21ന് നേപ്പാളിലെ ജുംലയിൽ വച്ച് യെതി എയർലൈൻസിന്റെ ട്വിൻ ഓട്ടർ വിമാനം തകർന്നാണ് അഞ്ജുവിന്റെ ഭർത്താവ് പൈലറ്റ് ദീപക് പൊഖ്റേൽ അടക്കം 10 പേർ കൊല്ലപ്പെട്ടത്.

ദീപകിന്റെ മരണ ശേഷം ലഭിച്ച ഇൻഷ്വറൻസ് തുക കൊണ്ടാണ് അഞ്ജു പൈല​റ്റാകാൻ പരിശീലനം നേടിയത്. 2010ൽ അഞ്ജു യെതി എയർലൈൻസിന്റെ ഭാഗമായി. കോ-പൈലറ്റിൽ നിന്ന് ക്യാപ്റ്റൻ പദവി നേടാൻ വെറും 10 സെക്കന്റ് മാത്രം ബാക്കി നിൽക്കെയാണ് അഞ്ജുവിനെ മരണം തട്ടിയെടുത്തത്. ലാൻഡിംഗിന് 10 സെക്കന്റ് മാത്രം നിൽക്കെയായിരുന്നു വിമാനം തകർന്നത്. പഠനശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അഞ്ജു പുനർവിവാഹിതയായിരുന്നു.

ഇതിൽ 7 വയസുള്ള മകനുണ്ട്. ദീപക്കുമായുള്ള വിവാഹത്തിൽ 22 വയസുള്ള മകളും. അഞ്ജുവിന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിന്റെ പൈലറ്റായിരുന്ന കെ.സി. കമലിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

 ഒറ്റ നിമിഷം കൊണ്ട് തീഗോളമായി വിമാനം  ഇന്ത്യക്കാരന്റെ ഫേസ്ബുക്ക് ലൈവ്

കാഠ്മണ്ഡു : നേപ്പാളിൽ 68 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസ് വിമാനത്തിന്റെ ഭീകരമായ അവസാന നിമിഷങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. വിമാനത്തിലെ ഇന്ത്യൻ യാത്രക്കാരിൽ ഒരാളായ സോനു ജയ്‌സ‌്വാൾ ( 35 ) ഫേസ്ബുക്കിൽ ലൈവായി പങ്കുവച്ച വിഡിയോ ആണിതെന്നാണ് റിപ്പോർട്ട്. ലാൻഡിംഗിന് തൊട്ടുമുമ്പായി പകർത്തിയ വീഡിയോയിൽ വിമാനം തകർന്ന് തീപിടിക്കുന്നത് കാണാം.

അതിനിടെ യാത്രക്കാർ പ്രാണരക്ഷാർത്ഥം കരയുന്നതിന്റെ ശബ്ദവും കേൾക്കാം. തന്റെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം സന്തോഷത്തോടെയാണ് സോനു വീഡിയോ ചിത്രീകരിച്ചത്. എന്നാൽ, പെട്ടെന്ന് ഉഗ്രശബ്ദം കേൾക്കുകയും വിമാനത്തിന്റെ ജനാലയ്ക്ക് പുറത്ത് തീപടരുന്നതുമാണ് കാണുന്നത്. അഭിഷേക് കുശ്‌വാഹ ( 25 ), വിശാൽ ശർമ്മ ( 22 ), അനിൽ കുമാർ രാജ്ഭർ ( 27 ) എന്നിവരാണ് സോനുവിനൊപ്പമുണ്ടായിരുന്നത്. ഇവരെല്ലാം യു.പിയിലെ ഗാസിപ്പൂർ സ്വദേശികളാണ്.

കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതാണിവർ. ക്ഷേത്ര ദർശനം കഴിഞ്ഞ് പൊഖാറയിൽ പാരാഗ്ലൈഡിംഗിനായുള്ള യാത്രയായിരുന്നു. സോനുവിന് ആറ് മാസം മുന്നേ മകൻ ജനിച്ചിരുന്നു. അതിന്റെ നേർച്ചയ്ക്കായാണ് ക്ഷേത്രത്തിലെത്തിയത്.

കാഠ്മണ്ഡുവിൽ നിന്ന് ബസ് മാർഗം പൊഖാറയിലെത്താനായിരുന്നു ആദ്യം ഇവരുടെ പദ്ധതി. എന്നാൽ അവസാന നിമിഷം വിമാനം തിരഞ്ഞെടുക്കുകയായിരുന്നു. ബീഹാർ സ്വദേശിയായ സഞ്ജയ് ജയ്‌സ‌്വാളാണ് ( 26) അപകടത്തിൽ മരിച്ച അഞ്ചാമത്തെ ഇന്ത്യക്കാരൻ.

 നേപ്പാൾ വിമാനാപകടം: സാങ്കേതിക തകരാറോ പൈലറ്റിന്റെ പിഴവോ ?

കാഠ്മണ്ഡു : 'മലനിരകൾ വ്യക്തമായി കാണാമായിരുന്നു... കാഴ്ചയ്ക്ക് മറ്റ് തടസ്സങ്ങളില്ലായിരുന്നു. നേരിയ കാറ്റുണ്ടായിരുന്നെങ്കിലും തെളിഞ്ഞ കാലാവസ്ഥയിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലായിരുന്നു. ലാൻഡിംഗിന് തയ്യാറായപ്പോഴും പൈലറ്റ് പ്രതികൂല സാഹചര്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല..." നേ​പ്പാ​ളി​ൽ​ 72 പേരുമായി യെ​തി​ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം തകർന്നുവീണത് എങ്ങനെയെന്ന ചോദ്യമാണ് അധികൃതർക്ക് മുന്നിൽ അവശേഷിക്കുന്നത്. ബ്ലാക്ക് ബോക്സ് ലഭിച്ചതോടെ ഇതിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണിവർ.

ലാ​ൻ​ഡിം​ഗി​നാ​യി​ താ​ഴേ​ക്ക് വ​രു​മ്പോ​ൾ​ ഇ​ട​ത്തോ​ട്ട് ച​രി​ഞ്ഞു​ല​ഞ്ഞ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെയാണ് വിമാനം​ ത​ക​ർന്നത്. ലാൻഡിംഗ് റൺവേ 3ൽ നിന്ന് റൺവേ ഒന്നിലേക്ക് മാറ്റാൻ അപകടത്തിന് മുന്നേ പൈലറ്റ് ആവശ്യപ്പെട്ടെന്നും അധികൃതർ ഇതിന് അനുമതി നൽകിയെന്നും പൊ​ഖാ​റ എയർപോർട്ട് വക്താക്കൾ പറഞ്ഞു. 15 ദിവസങ്ങൾക്ക് മുന്നേയായിരുന്നു ചൈനീസ് സഹായത്തോടെ നിർമ്മിച്ച പൊ​ഖാ​റ എയർപോർട്ടിന്റെ ഉദ്ഘാടനം.

വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും തള്ളാനാകില്ലെന്ന് അധികൃതർ പറയുന്നു. അതേസമയം, രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങളിലും സാങ്കേതിക പരിശോധന നടത്താൻ നേപ്പാൾ സർക്കാർ ഏവിയേഷൻ അതോറിട്ടിക്ക് നിർദ്ദേശം നൽകി. മുൻ ഏവിയേഷൻ സെക്രട്ടറി നാഗേന്ദ്ര ഘിമിരെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മിഷനാണ് അപകടം അന്വേഷിക്കുന്നത്.

 യെ​തി​ എ​യ​ർ​ലൈ​ൻ​സ്

കാഠ്മണ്ഡു: നേപ്പാളിൽ അപകടത്തിൽപ്പെട്ട യെ​തി​ എ​യ​ർ​ലൈ​ൻ​സിനെ പറ്റി;

 ആസ്ഥാനം - കാഠ്മണ്ഡു

 സ്ഥാപിതമായത് - 1998

 യെതി എയർലൈൻസിന്റെ സഹോദര യൂണിറ്റ് - താരാ എയർ

 യെതി, താരാ എയർ എന്നിവ ചേരുമ്പോൾ നേപ്പാളിലെ ഏറ്റവും വലിയ ആഭ്യന്തര എയർലൈനായി മാറുന്നു

 യെതി എയർലൈൻസും താരാ എയറും ഉൾപ്പെടെ നേപ്പാളിൽ സർവീസിലുള്ള ആഭ്യന്തര എയർലൈനുകൾ - 9

 2000 മുതൽ യെതി, താരാ എയർ വിമാനങ്ങൾ അപകടത്തിൽപ്പെട്ട് നേപ്പാളിൽ മരിച്ചത് - 165 പേർ

( ഇക്കാലയളവിൽ നേപ്പാളിൽ വി​മാ​ന ​- ഹെ​ലി​കോ​പ്റ്റർ​ അ​പ​ക​ട​ങ്ങ​ളി​ൽ​ ആകെ 359 പേർ മ​രി​ച്ചെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ഒഫ് നേപ്പാളിന്റെ കണക്ക് )

 നിലവിൽ യെതിക്കുള്ള എ.ടി.ആർ 72 - 500 വിമാനങ്ങൾ ( അപകടത്തിൽപ്പെട്ട മോഡൽ ) - 6

 അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പഴക്കം - 15 വർഷം