ക്രിറ്റിക്സ് ചോയ്സ് അവാർഡ്: ആർ.ആർ.ആറിന് രണ്ട് പുരസ്കാരങ്ങൾ

Tuesday 17 January 2023 5:10 AM IST

ലോസ്ആഞ്ചലസ് : ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ ലോസ്ആഞ്ചലസിൽ നടന്ന 28ാം ക്രിറ്റിക്സ് ചോയ്സ് അവാർഡിലും തിളങ്ങി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ.

മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഗാനത്തിനുമുള്ള പുരസ്‌കാരങ്ങൾ ചിത്രം നേടി. അമേരിക്കൻ - കനേഡിയൻ ക്രിറ്റ്ക്സ് ചോയ്‌സ് അസോസിയേഷൻ സിനിമാ മേഖലയിലെ നേട്ടങ്ങൾക്ക് പ്രതിവർഷം നൽകുന്നതാണ് ക്രിറ്റിക്സ് ചോയ്സ് അവാർഡ്.

ജനുവരി 24ന് പ്രഖ്യാപിക്കുന്ന ഓസ്‌കർ നോമിനേഷൻസിലേക്കാണ് ഇനി ചിത്രം ഉറ്റുനോക്കുന്നത്. മികച്ച സിനിമ, സംവിധായകൻ, നടൻ തുടങ്ങി 15 വിഭാഗങ്ങളിലെ മത്സരത്തിനാണ് ആർ.ആർ.ആർ അപേക്ഷ നൽകിയിട്ടുള്ളത്.