സർക്കാർ പ്രതിനിധികളെ  ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; കൊളീജിയത്തിൽ വിശദീകരണവുമായി  കേന്ദ്രം

Tuesday 17 January 2023 7:41 AM IST

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയങ്ങളിൽ സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം. കൊളീജിയങ്ങളിൽ അല്ല, മറിച്ച് ജഡ്‌ജിമാരെ നിശ്ചയിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിൽ പ്രതിനിധി വേണമെന്നാണ് നിർദേശിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സുപ്രീംകോടതി ചീഫ് ജസ്റ്റിന് കത്ത് നൽകിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ വിശദീകരണം. ജഡ്‌ജിമാർ ആരൊക്കെയാകണം എന്നത് സംബന്ധിച്ച പട്ടിക ആദ്യം തയ്യാറാക്കേണ്ടതുണ്ട്. പട്ടിക തയ്യാറാക്കുന്ന സമിതിയിൽ സർക്കാരിന്റെ പ്രതിനിധി വേണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുന്നറിയിപ്പ് നൽകിയ സാഹചര്യം നിലനിൽക്കെയാണ് കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ച് കത്ത് നൽകിയത്. സുപ്രീംകോടതി കൊളീജിയത്തിൽ കേന്ദ്രസർക്കാർ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തിൽ സംസ്ഥാന പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം എത്തിയിരിക്കുന്നത്.

ജഡ്ജി നിയമന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നും എങ്ങനെ ഇത് കാര്യക്ഷമമാക്കാമെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് കത്തിലുള്ളതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം, കത്ത് കൊളീജിയം ചർച്ച ചെയ്തിട്ടില്ലെന്നാണ് വിവരം. കൊളീജിയം ശുപാർശകൾ അവഗണിച്ച് ജഡ്ജിമാരുടെ നിയമനം വൈകിപ്പിച്ചതിന് കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നാവശ്യപ്പെട്ട് ബംഗളൂരു അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ അവസാന വാദത്തിന് ശേഷമാണ് കേന്ദ്രമന്ത്രി കത്ത് നൽകിയത്.