അത് പിടിച്ചുതള്ളൽ ആയിരുന്നില്ല, കാണുന്നവരുടെ തോന്നൽ മാത്രം: അയ്യപ്പന്മാരോടുള്ള യൂണിയൻ നേതാവിന്റെ അതിക്രമത്തെ ന്യായീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്
കൊച്ചി: മകരവിളക്ക് ദിനത്തിൽ ശബരിമല സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ തീർത്ഥാടകരെ ദേവസ്വം ഗാർഡ് പിടിച്ചുതള്ളിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. മാദ്ധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ വിഷയം പരിഗണിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ആരോപണ വിധേയനായ, തിരുവിതാംകൂർ ഗ്രൂപ്പിന് കീഴിലുള്ള മണക്കാട് ദേവസ്വത്തിലെ വാച്ചർ അരുൺകുമാറിനെ കേസിൽ സ്വമേധയാ കക്ഷി ചേർത്ത കോടതി ഇയാൾക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർക്ക് നിർദേശവും നൽകി.
ഒരാൾ മാത്രം എന്തുകൊണ്ടാണിങ്ങനെ പെരുമാറിയത് ? ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ഇയാൾക്ക് എങ്ങനെയാണ് കഴിഞ്ഞത് ? സംഭവം നീതികരിക്കാനാകാത്തതാണ്ഇയാളുടെ ശരീരഭാഷയും മുഖഭാവവുമൊന്നും ശബരിമലയിൽ ജോലി ചെയ്യാൻ അനുയോജ്യമായതല്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടികാട്ടി. മണിക്കൂറുകൾ ക്യൂ നിന്ന് തൊഴാൻ എത്തുന്ന അയ്യപ്പന്മാരെ അക്രമഭാവത്തോടെയാണ് ഇയാൾ തള്ളി നീക്കിയത്. ഗാർഡിന്റെ പെരുമാറ്റം കോടതിയുടെ മുൻ നിർദ്ദേശങ്ങൾ പാലിക്കാതെയാണ്. ഇത്തരം പെരുമാറ്റം പൊലീസും ദേവസ്വം ഓഫീസറും ഇടപെട്ട് തടയണമായിരുന്നു.
തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാൻ ബാരിക്കേഡ് വേണമെന്നും മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, കുട്ടികൾ, ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണണമെന്നും മുമ്പേ നിർദ്ദേശിച്ചിരുന്നതാണ്. ശ്രീകോവിലിന് മുന്നിൽ നിന്ന് തീർത്ഥാടകരെ ഒരു കരുണയുമില്ലാതെ തള്ളി നീക്കുന്ന മാദ്ധ്യമ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു. തിരക്ക് അമിതമായതോടെ ഭക്തരെ വേഗത്തിൽ കടത്തിവിടാൻ നിർദ്ദേശം നൽകിയിരുന്നുവെന്നാണ് ദേവസ്വം സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. അരുൺ കുമാറിനെ ജോലിയിൽ നിന്ന് ഒഴിവാക്കി മടക്കി അയച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. കേസ് വീണ്ടും 24ന് പരിഗണിക്കും.
ഭക്തരെ പിടിച്ചുതള്ളിയ സംഭവം: ദേവസ്വം ജീവനക്കാരനെ ന്യായീകരിച്ച് പ്രസിഡന്റ്
തിരുവല്ല: മകരവിളക്ക് ദിനത്തിൽ ശബരിമല സോപാനത്ത് ഭക്തരെ പിടിച്ചുതള്ളിയ ദേവസ്വം ബോർഡ് ജീവനക്കാരനെ ന്യായീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ. പൊലീസ് നിർദ്ദേശപ്രകാരം ഭക്തരെ വേഗത്തിൽ കടത്തിവിടുക മാത്രമാണ് ജീവനക്കാരൻ ചെയ്തതെന്നും. ഭക്തരെ പിടിച്ചു തള്ളേണ്ട ഒരു സാഹചര്യവും ശബരിമലയിൽ ആർക്കുമില്ല. കാണുന്നവർക്ക് അത് ഭക്തരെ പിടിച്ചുതള്ളിയതാണെന്ന് തോന്നിയിട്ടുണ്ടാകാം. വീഡിയോ ദൃശ്യങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്. ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ അരുൺ കുമാറിനോട് ബോർഡ് വിശദീകരണം തേടിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ ശബരിമലയിലെ ജോലിയിൽ നിന്ന് ജീവനക്കാരനെ ഒഴിവാക്കിയിരുന്നു. ഹൈക്കോടതി തീരുമാനത്തിന് അനുസരിച്ച് തുടർനടപടി ഉണ്ടാകുമെന്നും അനന്തഗോപൻ പറഞ്ഞു.