ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു, ചെയ്‌തത് ബി ജെ പി നേതാവാണെന്ന് യാത്രക്കാർ; വിമാനം രണ്ട് മണിക്കൂറോളം വൈകി

Tuesday 17 January 2023 4:12 PM IST

ന്യൂഡൽഹി: യാത്രക്കാരൻ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പരിഭ്രാന്തി പരത്തിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബർ പത്തിന് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് സംഭവം.

ബി ജെ പി എം പി തേജസ്വി സൂര്യയാണ് വിമാനത്തിന്റെ വാതിൽ തുറന്നതെന്ന് മറ്റ് യാത്രക്കാർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എമർജൻസി വാതിലിനടുത്ത് ഇരിക്കുകയായിരുന്ന എംപി അധികൃതരുടെ നിർദേശമില്ലാതെ വാതിൽ തുറക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എമർജൻസി വാതിൽ തുറന്നതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. സുരക്ഷാ പരിശോധനകൾ നടത്തിയ ശേഷമാണ് സർവീസ് ആരംഭിച്ചത്. ഏകദേശം രണ്ട് മണിക്കൂർ വൈകി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.