വിദേശ വനിതയെ ആക്രമിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Wednesday 18 January 2023 2:57 AM IST

വർക്കല : ഇടവ വെറ്റക്കടത്തീരത്ത് വിദേശ വനിതകൾക്കു നേരേ തുടർച്ചയായ ആക്രമണശ്രമം. ആക്രമിക്കാൻ ശ്രമിച്ച ഇടവ ഓടയം സ്വദേശിയായ യുവാവിനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.മാനസിക രോഗത്തിനു ചികിത്സ തേടുന്ന ആളാണ് പിടിയിലായത്. പൊട്ടിയ ബിയർ കുപ്പിയും കത്തിയും കാട്ടിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. വിദേശ വനിതകൾ നീന്തൽ വേഷം ധരിച്ച് തീരത്തെത്തുന്നതിൽ പ്രകോപിതനായാണ് അക്രമത്തിനു മുതിർന്നത്. കഴിഞ്ഞദിവസം രാവിലെ സർഫിങ് പരിശീലനത്തിനായി തീരത്തെത്തി വിശ്രമിക്കുകയായിരുന്ന ഫ്രഞ്ചുകാരി ആലീസിന് നേർക്ക് ആക്രമണ ശ്രമമുണ്ടായി.

പൊട്ടിയ ബിയർ കുപ്പിയുമായി പാഞ്ഞടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നീന്തൽവേഷം ചോദ്യം ചെയ്തായിരുന്നു ഭീഷണിയെന്ന് ഫ്രഞ്ചുകാരി പറഞ്ഞു. വിദേശ വനിതകൾക്കു നേരേ ഇയാൾ മുമ്പും അതിക്രമങ്ങൾ നടത്തിയതായി പരാതിയുണ്ട്. ജനുവരി 6ന് സർഫിങ് നടത്തുകയായിരുന്ന മറ്റൊരു വിദേശ വനിതയെയും ആക്രമിക്കാൻ ശ്രമിച്ചു. കത്തിയുമായി എത്തിയായിരുന്നു ഭീഷണി .ആ സംഭവത്തിന്റെ ദൃശ്യങ്ങൾ ബ്ലോഗറായ യുവതി സമൂഹമാദ്ധ്യമങ്ങളിൽ ടൂറിസം മന്ത്രിയെയും കേരള പൊലീസിനെയും ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി.