പ്രണയപ്പക: യുവതിക്ക് വെട്ടേറ്റു

Wednesday 18 January 2023 1:16 AM IST

ഒറ്റപ്പാലം: പാലപ്പുറം കയറംപാറ പാറക്കൽ ഷംസത്തിനെ (22)​ ബന്ധുവായ മുഹമ്മദ് ഫിറോസ് (25) റോഡിൽ വെച്ച് വെട്ടി പരിക്കേല്പിച്ചു. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കയറംപാറ സ്വാമി റോഡിൽ വച്ചാണ് അക്രമമുണ്ടായത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഷംസത്തിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രണയപ്പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫിറോസിന്റെ ബന്ധുവിന്റെ മകളാണ് ഷംസത്ത്. ഇവർ നേരത്തെ പ്രണയത്തിലായിരുന്നു. ഷംസത്തിന് പുതിയൊരു ബന്ധമുണ്ടെന്ന സംശയമാണ് അക്രമത്തിനിടയാക്കിയത്. ഇന്നലെ ഇതെച്ചൊല്ലി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.

ഫിറോസ് കഴിഞ്ഞ ഡിസംബറിൽ സുഹൃത്തും ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയുമായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ്. ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.