അവൻ നടന്നു; കൃത്രിമക്കാലിൽ, ജീവിതത്തിലേക്ക്
തൃശൂർ: അപകടത്തിൽ മുട്ടിന് മുകളിൽ നിന്ന് വലതുകാൽ നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശിയായ അഞ്ച് വയസുകാരന് കൃത്രിമക്കാൽ നൽകി തൃശൂർ ഗവ. മെഡിക്കൽ കോളേജ്. ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററാണ് സർക്കാർ പദ്ധതിപ്രകാരം സൗജന്യമായി കൃത്രിമക്കാൽ നൽകിയത്. കൃത്രിമക്കാലിലൂടെ കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന മെഡിക്കൽ കോളേജ് ടീമിനെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ഒരു വർഷം മുൻപ് തൃത്താലയിൽ റോഡ് മുറിച്ച് കടക്കവേ ലോറിയിടിച്ചാണ് കുട്ടിയുടെ വലതുകാൽ നഷ്ടപ്പെട്ടത്. ഇടതുകാലിന്റെ തൊലിയും പോയി. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും നടക്കാനുള്ള മോഹം സഫലമായില്ല.
മൂന്ന് മാസം മുമ്പാണ് മുത്തച്ഛനും അച്ഛനുമൊപ്പം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. കുട്ടിയുടെ ദയനീയാവസ്ഥ കണ്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കൃത്രിമക്കാൽ വച്ചു പിടിപ്പിക്കുന്നതിന്റെ സാദ്ധ്യത ആരാഞ്ഞു. കുട്ടികൾക്കുള്ള കൃത്രിമക്കാൽ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുന്നത് ശ്രമകരമായിരുന്നു. കൃത്രിമക്കാലിൽ കുട്ടികളെ നടക്കാൻ പരിശീലിപ്പിക്കുന്നതും ശ്രമകരമാണ്.
പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ കൃത്രിമക്കാൽ നിർമ്മാണ യൂണിറ്റ് കുട്ടിയുടെ പാകത്തിനുള്ള കാൽ നിർമ്മിച്ചു. കുട്ടിക്ക് പരിശീലനം നൽകി. ജീവനക്കാരുടെ പിന്തുണയോടെ കുട്ടി നടന്നു.