ക്രിമിനലുകളുടെ തോളിൽ കൈയിട്ട് മംഗലപുരം പൊലീസ്

Wednesday 18 January 2023 2:50 AM IST

പോത്തൻകോട്: ഗുണ്ടകളുമായും മാഫിയകളുമായും ചങ്ങാത്തമുണ്ടാക്കി സേനയ്ക്കാകെ നാണക്കേടുണ്ടാക്കുകയാണ് മംഗലപുരം പൊലീസ്. കഴിഞ്ഞ ദിവസം ഗുണ്ടകൾ യുവാവിനെ തട്ടിക്കൊണ്ടുപോയത് അന്വേഷിക്കാനെത്തിയ

ബോംബെറിഞ്ഞ ഗുണ്ടകളെ പിടിക്കാനാവാത്തതും മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ഗുണ്ടകൾ മർദ്ദിച്ച് കിണറ്റിലെറിഞ്ഞതും മംഗലപുരം സ്റ്റേഷന് നാണക്കേടായി. മണൽ, മണ്ണ് മാഫിയയുമായും ഗുണ്ടകളുമായുമുള്ള ചങ്ങാത്തം കണ്ടെത്തി മംഗലപുരം എസ്.എച്ച്.ഒ സജീഷിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ റെയിൽവേ ട്രാക്കിൽ മരിച്ചുകിടന്ന ഗൃഹനാഥന്റെ മൊബൈൽ ഫോൺ എസ്.ഐ അടിച്ചുമാറ്റിയ സംഭവം സേനയ്ക്കാകെ നാണക്കേടായിരുന്നു. കുറ്റക്കാരനായ എസ്.ഐയെ അന്ന് സസ്പെൻഡ് ചെയ്തു. മുരുക്കുംപുഴയിൽ മത്സ്യവില്പനക്കാരിയിൽ നിന്ന് പിടിച്ചെടുത്ത മത്സ്യം പൊലീസ് ജീപ്പിൽ കൊണ്ടുപോയി മറിച്ച് വിറ്റ് കാശാക്കിയ സംഭവത്തിൽ എസ്.ഐ തുളസീധരനെതിരെയും നടപടിയുണ്ടായി. ഗുണ്ടാആക്രമണ പരാതിയിൽ ഇടപെടാതിരുന്ന എസ്.ഐയെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ കവർന്ന കേസിൽ അന്വേഷണം മനഃപൂർവം വൈകിപ്പിച്ചതിന് പല ഉദ്യോഗസ്ഥരെയും വിവിധ സ്റ്രേഷനുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു. കൂടാതെ പലപ്പോഴായി സ്റ്റേഷൻ പരിധിയിൽ അപകടങ്ങളിൽപ്പെട്ടിരുന്ന വാഹനങ്ങളിൽ നിന്ന് പണം കാണാതായതും മംഗലപുരം പൊലീസ് സ്റ്റേഷനെ സംശയത്തിന്റെ നിഴലിലാക്കി. ശ്രീകാര്യം എൻജിനിയറിംഗ് കോളേജ് സ്വദേശിയായ കെട്ടിട നിർമ്മാണ കരാറുകാരന് മംഗലപുരം സ്റ്റേഷൻ പരിധിയിൽ നടന്ന വാഹനാപകടത്തിൽ സാരമായി പരിക്കേൽക്കുകയും അയാളുടെ ആക്ടീവ സ്‌കൂട്ടറിൽ ഉണ്ടായിരുന്ന നാല് ലക്ഷം രൂപ കാണാതാവുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കൾ പരാതിപ്പെട്ടിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല.