'വല്യേട്ടനായി" കേരളാകോൺഗ്രസ്: കടുപ്പിച്ച് സി.പി.എം

Wednesday 18 January 2023 12:55 AM IST

കോട്ടയം: പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിനെച്ചൊല്ലി കേരളാ കോൺഗ്രസ് എം ഉയർത്തുന്ന സമ്മർദ്ദതന്ത്രത്തിനെതിരെ സി.പി.എമ്മിൽ മുറുമുറുപ്പ്. ചെയർമാൻ തിരഞ്ഞെടുപ്പിനായി സി.പി.എം നിർദ്ദേശിച്ച ബിനു പുളിക്കക്കണ്ടത്തിനെതിരെ കേരളാ കോൺഗ്രസ് എം നിലപാടെടുത്തതോടെയാണ് തർക്കം രൂക്ഷമായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ. വാസവൻ ജോസ് കെ. മാണിയുമായി നടത്ത ചർച്ചയും ഫലം കണ്ടില്ല.

ബിനുവിനെ സ്ഥാനാർത്ഥിയാക്കിയാൽ കേരളാ കോൺഗ്രസ് മുന്നണി വിടില്ലെങ്കിലും അവരുടെ സമ്മദ്ദതന്ത്രത്തിന് വഴങ്ങി മറ്റൊരാളെ ചെയർമാനാക്കിയാൽ സി.പി.എം അണികൾക്കിടയിൽ നേതൃത്വത്തിനെതിരെ വികാരമുണ്ടാകും. ഭാവി തിരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ് സ്ഥാനാർത്ഥിക്ക് പാലായിൽ അത് ദോഷകരമായേക്കുമെന്ന പ്രചാരണവും ശക്തമാണ്.

എന്നാൽ കേരള കോൺഗ്രസിന്റെ കളിയ്‌ക്ക് പിന്നിൽ സി.പി.എമ്മിലെ ഒരു വിഭാഗമാണെന്നും ആരോപണമുണ്ട്.

അതേസമയം പാലായിലെ സി.പി.എം ചെയർമാൻ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ജില്ലാ സെക്രട്ടറി എ.വി. റസലടക്കമുള്ള നേതാക്കൾ സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിലായതിനാൽ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണനാണ് ചുമതല. കേരളാ കോൺഗ്രസ് എമ്മുമായി നല്ലബന്ധം നിലനിറുത്താൻ അവർക്ക് താത്പര്യമില്ലാത്ത ബിനു പുളിക്കകണ്ടത്തിന് പകരം സി.പി.എം സ്വതന്ത്രരായി വിജയിച്ചവരിൽ ഒരാളെ പരിഗണിച്ചേക്കുമെന്ന പ്രചാരണവുമുണ്ട്.

 ആദ്യ ഉടക്ക് സി.പി.ഐയുമായി

മുന്നണി മര്യാദ പാലിച്ച് പഞ്ചായത്തുകളിലെ ഭരണ മാറ്റം സംബന്ധിച്ച് സി.പി.ഐയുമായാണ് കേരള കോൺഗ്രസ് എം ആദ്യം ഉടക്കിയത്. ഇതിന് പിന്നാലെയാണ് സി.പി.എമ്മുമായുള്ള കൊമ്പുകോർക്കൽ. പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ സ്ഥാനങ്ങൾ സംബന്ധിച്ച് മുന്നണി ധാരണ പാലിക്കാൻ കേരള കോൺഗ്രസ് എം തയ്യാറാവണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി. ബിനു ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോട്ടയത്ത് എൽ.ഡി.എഫിന് ഇത്രയധികം സീറ്റ് ലഭിച്ചത് തങ്ങൾ കാരണമാണെന്ന കാര്യം സി.പി.ഐ മറക്കരുതെന്ന പരിഹാസമായിരുന്നു കേരളാകോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യൂ നൽകിയത്. ഈ വിവാദം നിലനിൽക്കുമ്പോഴാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ കേരളാ കോൺഗ്രസ് നിലപാടെടുത്തത്.

എന്നാൽ ചെയർമാൻ സ്ഥാനാർത്ഥിയെ തങ്ങൾ തീരുമാനിക്കുമെന്നും മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസൽ നിലപാടെടുത്തു. ഇതോടെയാണ് കേരളാ കോൺഗ്രസ് എം - സി.പി.എം ബന്ധത്തിലെ അസ്വാരസ്യം പ്രകടമായത്.