നാടൻ ഫലങ്ങൾക്കും വില്ലനായി കാലാവസ്ഥ

Wednesday 18 January 2023 12:22 AM IST

കോട്ടയം: നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്ന ചക്ക, മാങ്ങ, ചാമ്പങ്ങ, വാളൻപുളി, കശുഅണ്ടി, ജാതിയ്‌ക്ക തുടങ്ങിയവയ്ക്ക് തിരിച്ചടിയായി കാലാവസ്ഥാ വ്യതിയാനം. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവയുടെ സീസൺ തുടങ്ങുന്നത്. എന്നാൽ ഇത്തവണത്തെ കടുത്ത ചൂടും തണപ്പും കാരണം ജില്ലയുടെ പലഭാഗങ്ങളിലും ഇവ കിട്ടാനില്ല.

തുലാമഴ അവസാനിക്കാൻ വൈകിയതും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഇടവിട്ടുള്ള അതിതീവ്ര മഴയും തിരിച്ചടിയായി. ആലപ്പുഴ, ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാട്ടു മാവുകളുള്ളത്. ഇവിടെ നിന്നാണ് കൂടുതൽ മാങ്ങ വിപണയിലെത്തുന്നത്. എന്നാൽ കണ്ണിമാങ്ങ പോലും ഇല്ലാത്ത സ്ഥിതിയാണിപ്പോൾ. നാട്ടുപ്ലാവുകളും മാവുകളും കായ്‌ക്കാത്ത സ്ഥിതിയാണ്. ജലാംശം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ കായ്ച്ചിട്ടുണ്ടെങ്കിലും തോത് കുറവാണ്. റബർ കർഷകരെയും കാലാവസ്ഥാ വ്യതിയാനം പ്രതിസന്ധിയിലാക്കി. ഉത്പാദനം കൂടുതൽ നടക്കുന്ന തണുപ്പ് മാസങ്ങളിൽ ചൂടിന്റെ കാഠിന്യം കൂടിയതാണ് തിരിച്ചടിയായത്. കൂടാതെ, പച്ചക്കറിക്കൃഷി, ഏത്തവാഴ എന്നിവയുടെ ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അതേസമയം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മാമ്പഴങ്ങളും മറ്റുമാണ് ഇപ്പോൾ ജില്ലയിലുള്ളവർക്ക് ആശ്രയം. നാടൻ ഫലവൃക്ഷങ്ങളുടെ ഉത്പാദനത്തിൽ വലിയ കുറവാണ് ഓരോ വർഷവും ഉണ്ടാകുന്നതെന്ന് കർഷകനായ എബി ഐപ്പ് പറഞ്ഞു.