എങ്ങുമെത്തിയില്ല ആധുനിക ഫിഷ് മാർട്ട് നിയോജകമണ്ഡലങ്ങളിൽ പൂർത്തിയായത് ധർമ്മടത്ത് മാത്രം

Tuesday 17 January 2023 9:26 PM IST

കണ്ണൂർ: ആവശ്യമായ സ്ഥലം ലഭിക്കാത്തതിന്റെ പേരിൽ നിയോജകമണ്ഡലങ്ങളിൽ പ്രഖ്യാപിച്ച ആധുനിക ഫിഷ് മാർട്ടുകൾ വൈകുന്നു. കണ്ണൂർ ജില്ലയിൽ ഇതുവരെയായി ധർമ്മടത്ത് മാത്രമാണ് ഫിഷ് മാർട്ട് പൂർത്തിയാക്കിയത്.വേങ്ങാട് ഗ്രാമപഞ്ചായത്തിൽ അഞ്ചരക്കണ്ടി ബസ് സ്​റ്റാൻഡിന് മുൻവശത്ത് പണി പൂർത്തിയാക്കിയെങ്കിലും ധർമ്മടത്തിന്റെ ഫിഷ് മാർട്ട് തുറന്നുകൊടുത്തിട്ടുമില്ല.

നിരവധി പഞ്ചായത്തുകൾ ഫിഷ് മാർട്ടിനോട് താൽപ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വരുമ്പോഴാണ് സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ് മെല്ലെപ്പോക്ക്.ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹൈടെക്ക് ഫിഷ് മാർട്ടുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച കഴിഞ്ഞ വർഷം ആദ്യം എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.എന്നാൽ തുടർ നടപടികൾ വൈകുകയായിരുന്നു.

മട്ടന്നൂർ ഉരുവച്ചാൽ, ആന്തൂർ മുൻസിപ്പാലി​റ്റി എന്നിവിടങ്ങളിൽ രണ്ട് ഫിഷ് മാർട്ടുകളുടെ നിർമ്മാണം നടക്കുന്നുണ്ട്. മത്സ്യ ഫെഡിന്റെ നേതൃത്വത്തിലാണ് ഫിഷ് മാർട്ടുകൾ സ്ഥാപിക്കുന്നത്.കഴിഞ്ഞ വർഷം എപ്രിലിലാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടന്നത്.സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 88 ആധുനിക ഫിഷ് മാർട്ടുകൾ സ്ഥാപിക്കാനും കൂട്ടത്തിൽ കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, ജില്ലകളിൽ കൂടുതൽ മാർട്ടുകൾ ഒരുക്കുമെന്നുമായിരുന്നു പ്രഖ്യാപനം.

ലക്ഷ്യം ശുദ്ധം,​ സുരക്ഷിത മത്സ്യം

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഒരു ആധുനിക രീതിയിലുള്ള മത്സ്യ വിപണന കേന്ദ്രമെങ്കിലും ആരംഭിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഫിഷ് മാർട്ടുകൾ സ്ഥാപിക്കുന്നത്.ശുദ്ധവും സുരക്ഷിതവുമായി മത്സ്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.പ്രാദേശിക തലത്തിൽ മത്സ്യതൊഴിലാളികളിൽ നിന്നു മത്സ്യം സംഭരിച്ച് മത്സ്യതൊഴിലാളി സഹകരണ സംഘം വഴി ഇവ വാങ്ങുകയാണ് ചെയ്യുന്നത്.ഒരു യൂണി​റ്റിന് ഒന്നര സെന്റ് സ്ഥലമാണ് മാർട്ടിന് നൽകേണ്ടത്. അഞ്ച് ലക്ഷം മുതൽ 7 ലക്ഷം വരെയുള്ള തുക ചിലവഴിച്ചായിരിക്കും ഓരോ യൂണി​റ്റും . കമ്മീഷൻ വ്യവസ്ഥയിൽ അനുവദിക്കുന്ന മത്സ്യം മുറിച്ചു വൃത്തിയാക്കിയ ശേഷമായിരിക്കും വിൽപ്പന .പച്ച മത്സ്യം ആഭ്യന്തര വിപണിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡിന്റെ 46 ഫിഷ് മാർട്ടുകളും 33 സർവ്വീസ് സഹകരണ ഫ്രാഞ്ചൈസി മാർട്ടുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.