ദമ്പതികളെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ
Wednesday 18 January 2023 12:28 AM IST
കോട്ടയം: അന്യസംസ്ഥാനക്കാരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ വേളൂർ മാണിക്കുന്നം പുതുവാക്കൽ അൻജിത്ത് (22), താഴത്തങ്ങാടി പള്ളിക്കോണം കാവുങ്കൽപറമ്പ് സൂര്യൻ (23), വേളൂർ പനച്ചിത്തറ വിപിൻ (22), വേളൂർ പുറക്കടമാലിയിൽ ആദിഷ് (20) എന്നിവരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രി സാധനം വിറ്റു ജീവിക്കുന്ന പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളെയാണ് ആക്രമിച്ചത്.
ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തിരുന്ന് പ്രതികൾ മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. ഇക്കാര്യം ദമ്പതികൾ വീട്ടുടമസ്ഥനെ അറിയിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയത്.
വാക്കത്തിയും കല്ലുമുപയോഗിച്ച് ജനൽ ചില്ല് തകർക്കുകയും, ഫർണിച്ചറുകൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളെ കല്ലുകൊണ്ടിടിച്ചു. ദമ്പതികൾ ശേഖരിച്ച ആക്രി സാധനങ്ങൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.