വരാണസിയിലെ മോട്ടോർ ബോട്ട് റാലി: തലയെടുപ്പോടെ കോട്ടയം വെസ്റ്റ് ക്ലബ് ബോട്ട്

Wednesday 18 January 2023 12:37 AM IST

കോട്ടയം: വാരാണസിയിലെ മോട്ടോർ ബോട്ട് റാലിയ്ക്ക് കോ-ഓർഡിനേഷൻ നൽകാൻ താഴത്താങ്ങാടിയിലെ കോട്ടയം വെസ്റ്റ് ക്ലബ് ബോട്ട് അംഗങ്ങളും. ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് ലിയോ മാത്യു, സെക്രട്ടറി സുനിൽ എബ്രഹാം, ചീഫ് കോ-ഓർഡിനേറ്റർ കെ.ജെ. ജോസഫ്, ചീഫ് അമ്പയർ കുമ്മനം അഷ്‌റഫ്, കോ-ഓർഡിനേറ്റർമാരായ തോമസ് കെ. വട്ടുകളം, സാജന പി. ജേക്കബ്, എസ്. രാധാകൃഷ്ണൻ നായർ എന്നിവരാണ് വാരാണസിയിലേക്ക് പോകുന്നത്.

തീർത്ഥാടകർക്കും ടൂറിസ്റ്റുകൾക്കുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ ഗംഗാ നദീതടത്തിൽ അലങ്കരിച്ച 250ശിക്കാര വള്ളങ്ങളുള്ളത്. മണ്ണെണ്ണയിലും പെട്രോളിലും ഓടുന്ന ഇവയെ ഗെയ്ൽ പദ്ധതിയിലൂടെ സി.എൻ.ജി (പ്രകൃതിവാതകം) ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനാണ് 22ന് വാരാണസിയിൽ മോട്ടോർ ബോട്ട് റാലി സംഘടിപ്പിക്കുന്നത്. സംഘം 20ന് വാരാണസിയിലേക്ക് പുറപ്പെട്ട് 23ന് മടങ്ങും.

 ശ്രദ്ധിക്കപ്പെട്ടത് താഴത്തങ്ങാടി വള്ളംകളി

താഴത്തങ്ങാടി വള്ളംകളി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഭാരവാഹികളെ ഗെയ്ൽ മാനേജർ ബന്ധപ്പെട്ട് വാരാണസിയിലെ ബോട്ട് റാലിയ്ക്കുള്ള ക്രമീകരണം നടത്താൻ ആവശ്യപ്പെട്ടത്. കാറ്റഗറിയും എൻജിൻ പവറും അനുസരിച്ച് ബോട്ടുകളെ എട്ട് കിലോമീറ്ററുള്ള റാലിയ്ക്കായി ക്രമീകരിക്കണം. ഓരോ ബാച്ചിലും 12 ബോട്ടുകളുണ്ടാകും.

'ആദ്യമായിട്ടാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. അതിനാൽ അവിടെയെത്തിയാലേ റാലിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാകൂ. ഭാഷാസഹായിയുമുണ്ടാകും.

- തോമസ് കെ. വട്ടുകളം, കോ-ഓർഡിനേറ്റർ

.