പരീക്ഷ എഴുതാനുള്ള മെഷീനല്ല കുട്ടികൾ: ഡോ.ശശി തരൂർ

Wednesday 18 January 2023 3:22 AM IST

തിരുവനന്തപുരം: പരീക്ഷ എഴുതാനുള്ള മെഷീനുകളല്ല കുട്ടികളെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. മുൻ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ 'ബിഫോർ ഇറ്റ്സ് ടൂ ലേറ്റ്' എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ്ക്ളബിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഠിക്കണമെന്ന് മാത്രമല്ല,90 ശതമാനത്തിൽ കൂടുതൽ മാർക്ക് വേണമെന്ന നിർബന്ധം കൂടി കുട്ടികൾക്ക് മുന്നിൽ വയ്ക്കുകയാണ്. അങ്ങനെയുള്ള അമിത സമ്മർദ്ദം സഹിക്കാനാവാതെയാണ് കുട്ടികൾ ലഹരിയിലേക്ക് വഴുതിവീഴുന്നത്. അതിൽ ഒരു ആകർഷണമുണ്ടാകും. സന്തോഷവും സമ്മർദ്ദവുമാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്.ലഹരി മരുന്നിന്റെ വ്യാപനം തടയാൻ കുട്ടികൾ വായന ലഹരിയാക്കണം. രക്ഷിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണം.പുസ്തകങ്ങൾ ആനന്ദത്തിന്റെ ഉറവിടമാണെന്ന് അവർ തിരിച്ചറിയുന്നില്ല. കുട്ടികൾ നല്ല മനുഷ്യരായി വളരുകയാണ് വേണ്ടത്.വീട്ടിൽ നിന്ന് ലഭിച്ച പിന്തുണയാണ് ജീവിതത്തിലെ എല്ലാ രംഗത്തും എന്നെ ഒന്നാമനാക്കിയത്.കുട്ടിക്കാലത്ത് പുസ്തകങ്ങളായിരുന്നു എന്റെ കൂട്ടുകാർ. വായന നൽകുന്ന സംതൃപ്തി,മാനസികമായ വ്യായാമം എന്നിവ ലഹരിയിൽ കിട്ടില്ല. എന്നാൽ ലഹരി ഉപയോഗം വളരെയധികം വർദ്ധിക്കുന്നുണ്ട്. പാൻമസാല കേരളത്തിൽ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിരോധനമില്ല. വിദേശരാജ്യങ്ങളിൽ വേദനസംഹാരിയായും മറ്റും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. അവയെക്കാളും മാരകമായവ വിപണിയിലുണ്ട്. അതിലേക്ക് ശ്രദ്ധയൂന്നുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും ശശി തരൂർ പറഞ്ഞു. ചീഫ് സെക്രട്ടറി വി.പി. ജോയ് അദ്ധ്യക്ഷനായ ചടങ്ങിൽ ശശി തരൂർ വി.കെ.പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു. ഗ്രന്ഥകർത്താവ് ഋഷിരാജ് സിംഗ്, സുധീർ തുടങ്ങിയവർ പങ്കെടുത്തു.