കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം ഇന്ന് മുതൽ

Wednesday 18 January 2023 12:39 AM IST

കോട്ടയം: ശരീരത്തിലെ പാടുകൾ കണ്ടെത്തി കുഷ്ഠരോഗം നിർണയിക്കുന്നതിനുള്ള ഭവനസന്ദർശന പരിപാടിക്ക് ഇന്നു തുടക്കം. 31 വരെ നടക്കുന്ന പരിശോധനയിൽ പരിശീലനം ലഭിച്ച പുരുഷ വോളണ്ടിയർ, ആശാ പ്രവർത്തക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തി പരിശോധിക്കും. ഇന്ന് രാവിലെ ഒമ്പതിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുജിത്തിന്റെ തൃക്കൊടിത്താനത്തെ വീട്ടിലെത്തി പരിശോധിച്ച് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. 5570 സന്നദ്ധ പ്രവർത്തകർ 2785 സംഘങ്ങളായി 14 ദിവസം കൊണ്ടു ഭവന സന്ദർശനം പൂർത്തിയാക്കും. ഒരു സംഘം 200 വീടുകൾ സന്ദർശിക്കും. മെഡിക്കൽ ഓഫീസർ രോഗ നിർണയം നടത്തി പൂർണമായും സൗജന്യമായി ചികിത്സ ലഭ്യമാക്കും.