ആർത്തവാവധി നല്ല മാതൃക
ആർത്തവം രോഗമല്ല. പക്ഷേ ചില വനിതകളെ സംബന്ധിച്ച് ആ ദിനങ്ങൾ രോഗതുല്യമായ അവസ്ഥയാണ്. ശാരീരികമായും മാനസികമായും അവർ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ദിനങ്ങൾ. ആർത്തവദിനങ്ങളിൽ പഠനത്തിനും ജോലിക്കും മറ്റും പോകാൻ കഴിയാത്തവരുടെ എണ്ണവും ഏറെയാണ്. പക്ഷേ ഇതൊരു കാരണമായി പറഞ്ഞാൽ ലീവ് അനുവദിക്കാൻ നിലവിൽ വ്യവസ്ഥയില്ല. മാറിയ കാലത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് സർക്കാരുകൾ മുന്തിയ പരിഗണനയാണ് നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ശമ്പളത്തോടുകൂടി ആറുമാസത്തെ പ്രസവാവധി നൽകിയത്.
രോഗത്തിന് മാത്രമേ അവധി നൽകൂ എന്നത് പഴയ കാഴ്ചപ്പാടാണ്. ഇതിൽനിന്ന് ആദ്യം മാറി ചിന്തിച്ചത് സ്വകാര്യ കമ്പനികളാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഒൻപതോളം ബഹുരാഷ്ട്ര കമ്പനികൾ ആർത്തവ അവധി നൽകുന്നുണ്ട്. എന്നാൽ സർക്കാർ മേഖലയിൽ ഇത് ഇനിയും നടപ്പായിട്ടില്ല. മെൻസ്ട്രുവേഷൻ ബെനഫിറ്റ് ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വന്ന അവസരത്തിൽ പോലും ആർത്തവാവധിയുടെ കാര്യം ആരും ചൂണ്ടിക്കാണിച്ചിട്ടില്ല. ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
ഈ സമയത്ത് വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ ഇതിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാതിരുന്നാൽ ഹാജർ നഷ്ടപ്പെടും. ഇത് കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കുന്ന പ്രശ്നമായി തുടരുന്നതിനിടെയാണ് കൊച്ചിയിലെ കുസാറ്റ് യൂണിവേഴ്സിറ്റി രാജ്യത്താദ്യമായി വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി നൽകാൻ തീരുമാനിച്ചത്. എം.ജി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിച്ചതിന് പിന്നാലെയാണ് കുസാറ്റിൽനിന്ന് രാജ്യം മുഴുവൻ മാതൃകയാവുന്ന ആർത്തവാവധി തീരുമാനം ഉണ്ടായത്. കുസാറ്റിൽ നിലവിലുള്ള നിയമപ്രകാരം പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ ആവശ്യമാണ്. ആർത്തവാവധി അനുവദിച്ചതോടെ വിദ്യാർത്ഥിനികൾക്ക് ഇതിൽ രണ്ട് ശതമാനം കുറവ് ലഭിക്കും. ഈ ആവശ്യം വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നേരത്തെ തന്നെ രേഖാമൂലവും വാക്കാലും ആവശ്യപ്പെട്ടിരുന്നതാണ്. നേരത്തേ ആർത്തവകാലത്ത് അവധിയെടുക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഇനിമുതൽ കുസാറ്റിൽ അത് വേണ്ടിവരില്ല.
കുസാറ്റിൽ നടപ്പാക്കിയ ആർത്തവാവധി എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ. ബിന്ദു പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. എസ്.എഫ്.ഐ നേതൃത്വത്തിലുള്ള യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ അവധി അനുവദിച്ചതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ കെ. എസ്.യുവിന്റെ കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ ഇതേ ആവശ്യം ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ സംഘടനകൾ തമ്മിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല. നല്ല കാര്യം നടപ്പായതിൽ ഇരുസംഘടനകളും സന്തോഷിക്കുകയാണ് വേണ്ടത്. കേരളത്തിൽ എല്ലാ വാഴ്‌സിറ്റികളിലും ഇത് നടപ്പായാൽ മറ്റ് സംസ്ഥാനങ്ങളും ഈ നല്ല മാതൃക സ്വീകരിക്കാതിരിക്കില്ല. വാഴ്‌സിറ്റികളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട തീരുമാനമല്ലിത്. ഇത്തരം അവധി നൽകുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചർച്ചകൾക്ക് തുടക്കമിടേണ്ടതാണ്.