കൊടുങ്ങല്ലൂർ താലപ്പൊലി ഇന്ന് സമാപിക്കും
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് സമാപിക്കും. കഴിഞ്ഞ മൂന്ന് നാൾ പതിനായിരങ്ങൾ പങ്കെടുത്ത മഹോത്സവത്തിൽ ഭൂരിഭാഗവും അന്യദേശക്കാരായിരുന്നു. നോമ്പുനോറ്റ് ദേവിക്ക് സമർപ്പിക്കാൻ ധാന്യ ദ്രവ്യാദികളോടെ ഇരുമുടിക്കെട്ടുമായി ദേവി സന്നിധിയിലെത്തിയ ഭക്തർ ദേവിക്ക് വഴിപാടുകൾ സമർപ്പിച്ച് മടങ്ങുകയായിരുന്നു. നാലാം താലപ്പൊലി ദിവസമായ ഇന്ന് ദേശക്കാരുടെ ആഘോഷമാണ്. ആഘോഷത്തിന് സർക്കാർ തലത്തിൽ പ്രദേശിക അവധി നൽകി. ഇന്ന് വൻ ജനാവലിയുടെ സാന്നിദ്ധ്യം കൊടുങ്ങല്ലൂർ കാവിനെ ആഘോഷ തിമിർപ്പിൽ ആറാടിക്കും. ആഘോഷങ്ങളുടെ മൂന്നാം ദിനമായ ഇന്നലെ രാത്രി എഴുന്നള്ളിപ്പ് എടവിലങ്ങിലെ പതിനെട്ടരടയാളത്തിൽ നിന്നാണ് ആരംഭിച്ചത്. ഇന്ന് രാവിലെ സമ്പൂർണ്ണ നെയ് വിളക്കോടെയാണ് ക്ഷേത്രാങ്കണം ഉത്സവത്തെ വരവേറ്റത്. രാവിലെ പത്തോടെ നവരാത്രി മണ്ഡപത്തിൽ കാത്തോളി അച്യുതമേനോൻ സ്മാരക അക്ഷരശ്ലോക സമിതി അവതരിപ്പിച്ച അക്ഷരശ്ലോക സദസിൽ ഒട്ടേറെ പേർ പങ്കെടുത്തു. പകൽ എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് ഒന്നോടെ ആരംഭിക്കും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഒമ്പതാനകൾ അണിനിരക്കുന്ന എഴുന്നള്ളിപ്പ് വൈകിട്ട് 6.30 ന് സമാപിക്കും. തുടർന്ന് ദീപാരാധന, നാദസ്വരം, വെടിക്കെട്ട്, 7 മുതൽ 10 വരെ വയലിൻ ചെണ്ട ഫ്യൂഷൻ, രാത്രി 9.30ന് ഡബിൾ തായമ്പക, രാത്രി ഒന്നിന് എഴുന്നള്ളിപ്പ്, പുലർച്ചെ മൂന്നിന് എതിരേൽപ്പ് എന്നിവയുണ്ടാകും.