പൊങ്കൽ ആഘോഷത്തിന് ഇലയിട്ട് സദ്യയൊരുക്കി ഋഷി സുനക്
ലണ്ടൻ: മകരപ്പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തന്റെ ഓഫീസ് ജീവനക്കാർക്കായി തമിഴ് സ്റ്റൈലിൽ വിരുന്നൊരുക്കിയതോടെ ലോകത്തിന്റെ കണ്ണ് പൊങ്കൽ ആഘോഷത്തിലേക്കും പരമ്പരാഗത വിഭവങ്ങളിലേക്കുമായി. വിരുന്നിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്ര് വസതിയിലായിരുന്നു പ്രധാനമന്ത്രി ഋഷി സുനക് ജീവനക്കാർക്കായി പൊങ്കൽ വിരുന്നൊരുക്കിയത്.
പരമ്പരാഗത തമിഴ് രീതിയിൽ വേഷം ധരിച്ച ആളുകൾ വിഭവങ്ങൾ വാഴയിലയിൽ വിളമ്പുന്നതും ഉദ്യോഗസ്ഥർ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്. പഴം മുതൽ പായസം വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. അതിനു ശേഷം ഋഷി സുനക് എല്ലാവർക്കും പൊങ്കൽ ആശംസകളും നൽകുന്നുണ്ട്. നിരവധി പേരാണ് വീഡിയോ ട്വിറ്ററിൽ കണ്ടതും ഷെയർ ചെയ്തതും. വിളവെടുപ്പ് ഉത്സവമായ പൊങ്കലിന്റെ ഭാഗമായി തമിഴ്നാട്ടിൽ നാല് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളാണ് നടക്കുക.