ഫ്ളോറിഡയിൽ വെടിവയ്പ്; 8 പേർക്ക് പരിക്ക്

Wednesday 18 January 2023 2:13 AM IST

ഫ്ളോറിഡ: മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫ്‌ളോറിഡയിൽ നടന്ന പരിപാടിയിലുണ്ടായ വെടിവയ്പ്പിൽ എട്ട് പേർക്ക് പരിക്കേറ്റു. ഫോർട്ട് പിയേഴ്സിൽ 1,000ലധികം ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് വെടിവയ്പ്പ് നടന്നത്. വെടിയേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി കാർ ഷോകളും നൃത്തപരിപാടികളും കുട്ടികളുടെ പരിപാടികളും നടന്നു. ഇതിനിടെ വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈ വർഷം യു.എസിൽ നടക്കുന്ന 30ാമത്തെ കൂട്ട വെടിവയ്പാണ് ഇത്. ഗൺ വയലൻസ് ആർക്കൈവ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച് അമേരിക്കയിൽ പ്രതിദിനം ശരാശരി രണ്ട് കൂട്ട വെടിവയ്പ്പുകൾ നടക്കുന്നുണ്ട്. ഷൂട്ടർ ഉൾപ്പെടെ നാലോ അതിലധികമോ ആളുകൾ വെടിയേറ്റ് വീഴുന്നതിനെയാണ് കൂട്ടവെടിവയ്പായി ആർക്കൈവ് വിലയിരുത്തുന്നത്.