ധനവ്യവസായ ബാങ്ക് തട്ടിപ്പ്: മുൻകൂർ ജാമ്യാപേക്ഷ 20ന് ഹൈക്കോടതിയിൽ

Wednesday 18 January 2023 1:14 AM IST

തൃശൂർ: 200 കോടിയിലേറെ തട്ടി മുങ്ങിയ തൃശൂരിലെ ധനവ്യവസായ ബാങ്ക് ഉടമകളുടെ മുൻകൂർ ജാമ്യഹർജി വെള്ളിയാഴ്ച ഹൈക്കോടതിയിൽ. സ്ഥാപന ചെയർമാൻ ജോയ് ഡി.പാണഞ്ചേരി, മാനേജിംഗ് പാർട്ണറായ ഭാര്യ കൊച്ചുറാണി, ഡയറക്ടർമാരായ മക്കൾ ഡേവിഡ് പാണഞ്ചേരി, ചാക്കോ പാണഞ്ചേരി എന്നിവരുടെ ജാമ്യഹർജിയാണ് പരിഗണിക്കുക. ഇവർ പാപ്പർ ഹർജി നൽകാനും മുൻകൂർ ജാമ്യാപേക്ഷ നൽകാനും ഏർപ്പാടാക്കിയിരുന്നു. അതേസമയം പ്രതികളെ പിടികൂടുന്നതിന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഊർജിത നീക്കം ആരംഭിച്ചു. പ്രതികൾ രാജ്യം വിട്ടെന്ന് പ്രചരണവുമുണ്ട്. കേരളത്തിന് പുറത്ത് അതിർത്തിയോട് ചേർന്ന് പ്രതികൾ ഒളിവിൽ പാർക്കുന്നുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിമാനത്താവളങ്ങളിൽ വിവരം നൽകിയിട്ടുണ്ട്. ബാങ്കിൽ പണം നിക്ഷേപിച്ചവർ ബുധനാഴ്ച ഒത്തുചേരും. വൈകിട്ട് നാലിന് വടൂക്കര അരണാട്ടുകര മേഖലയിലായിരിക്കും യോഗം.