തായ്ലൻഡിൽ എണ്ണക്കപ്പൽ പൊട്ടിത്തെറിച്ച് ഒരു മരണം
Wednesday 18 January 2023 2:16 AM IST
തായ്പെയ്: തായ്ലൻഡിലെ സമുത് സോങ്ഖ്റോം പ്രവിശ്യയിൽ എണ്ണ ടാങ്കർ കപ്പലിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ഡോക്ക്‌യാർഡിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് സംഭവം. ഒരു മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് മറൈൻ അധികൃതർ അറിയിച്ചു. തലസ്ഥാനമായ ബാങ്കോക്കിന്റെ തെക്കു പടിഞ്ഞാറൻ ഭാഗത്തു നടന്ന സ്ഫോടനത്തെത്തുടർന്ന് നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ചെറു ബോട്ടുകളിലെത്തിയും കരയിൽ നിന്നുകൊണ്ടും തീയണയ്ക്കാനും രക്ഷാപ്രവർത്തനം നടത്താനും ശ്രമിച്ചുവരുന്നു. ഏഴു പേരെ ഇനിയും കണ്ടെത്താനുള്ളതായി അധികൃതർ പറഞ്ഞു. 10 പേർ ബോട്ടിനുള്ളിലും 30 പേർ തീരത്തുമുണ്ടായിരുന്നു. കാണാതായവരിൽ ആറ് പേർ മ്യാന്മറിൽ നിന്നുള്ളവരാണ്. ഒരാൾ തായ് പൗരനും.