ഇറച്ചിക്കോഴി: മന്ത്രിയുടെ പ്രസ്താവന തിരുത്തണം- പൗൾട്രി ഫാർമേഴ്‌സ്

Wednesday 18 January 2023 1:37 AM IST

തൃശൂർ: കുടുംബശ്രീ വഴി നൽകുന്ന ഇറച്ചിക്കോഴികൾക്ക് വിഷാംശമില്ലെന്നും മറ്റുള്ളവയ്ക്ക് വിഷാംശവും ഹോർമോണും ഉണ്ടെന്നുമുള്ള മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രസ്താവന തിരുത്തി ആരോപണം പിൻവലിക്കണമെന്ന് പൗൾട്രി ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി. സമിതിയുടെ കീഴിലുള്ള കടകളിൽ ഇറച്ചിക്കോഴികൾ കേരളത്തിലെ സർക്കാർ അംഗീകൃത ലാബുകളിൽ പരിശോധിക്കണം. ഇതിന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം. മന്ത്രിയുടെ തെറ്റായ പ്രസ്താവന കാരണം കോടികളുടെ നഷ്ടമാണ് ഈ മേഖലയിലുണ്ടായത്. വലിയ വിലയിടിവുമുണ്ടായി. കർഷകരും സംരംഭകരുമടക്കം ഏഴുലക്ഷം പേരുടെ ജീവനോപാധിയാണ് ഇറച്ചിക്കോഴി വളർത്തൽ. തീറ്റച്ചെലവിലും ഉല്പാദനച്ചെലവിലുമുണ്ടായ ഭീമമായ വർദ്ധന, തീറ്റയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വർദ്ധിച്ച വില, കടുത്ത വിപണനസമ്മർദ്ദം, ഗുണനിലവാരത്തെ തകർക്കുന്ന വസ്തുതയില്ലാത്ത ആരോപണങ്ങൾ എന്നിവ ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. സമിതി സംസ്ഥാന സെക്രട്ടറി ടി.എസ്.പ്രമോദ്, ട്രഷറർ പി.ടി.ഡേവിസ്, സംസ്ഥാന കമ്മിറ്റിയംഗം ഷിബു മാത്യു എന്നിവരും പങ്കെടുത്തു.