ബിനി ടൂറിസ്റ്റ് ഹോം വിഷയം: മേയറെ വളഞ്ഞ് പ്രതിപക്ഷനിര
- മിണ്ടാതിരുന്ന് ഭരണപക്ഷം
തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി പൊളിച്ചത് സംബന്ധിച്ച് അഴിമതി ആരോപിച്ച് കൗൺസിലിൽ മേയറെ വളഞ്ഞ് പ്രതിപക്ഷ പ്രതിഷേധം. നീണ്ട മുദ്രവാക്യം വിളികൾക്കിടെ നടപടി ക്രമത്തിലേക്ക് കടക്കാതെ 15 മിനിറ്റിനുള്ളിൽ കൗൺസിൽ യോഗം പിരിച്ച് വിട്ട് മേയർ സ്ഥലം കാലിയാക്കി. എന്നാൽ പ്രതിഷേധം മേയറുടെ ചേംബറിലേക്ക് മാറ്റിയ കോൺഗ്രസും ബി.ജെ.പിയും, അഴിമതി അന്വേഷിക്കണമെന്നും മേയർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷം ഒന്നാകെ ഇറങ്ങിയതോടെ, കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും പ്രതിഷേധത്തിൽ പങ്കാളികളായി. സെക്രട്ടറിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു. കസേരകളിലേക്ക് മടങ്ങാനും ചർച്ചകളിൽ പങ്കെടുക്കാനും മേയർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷാംഗങ്ങൾ വഴങ്ങിയില്ല. കോർപറേഷൻ ഓഫീസ് വലം വച്ച് പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിന് കോൺഗ്രസിലേതിന് സുനിൽ രാജ്, ലാലി ജയിംസ്, കെ.രാമനാഥൻ, സിന്ധു ചാക്കോള എന്നിവരും ബി.ജെ.പിയുടേതിന് വിനോദ് പൊള്ളാഞ്ചേരി, എൻ.പ്രസാദ്, പൂർണിമ സുരേഷ് എന്നിവരും നേതൃത്വം നൽകി.
ഒന്നും ഉരിയാടാതെ ഭരണപക്ഷം
മേയർക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചിട്ടും ഒന്നും ഉരിയാടാതെ ഇരിക്കുകയായിരുന്നു ഭരണപക്ഷാംഗങ്ങൾ. മേയറെ പ്രതിപക്ഷം വളഞ്ഞിട്ട് മുദ്രവാക്യം വിളിച്ചപ്പോഴും ഇരുന്ന സീറ്റിൽ നിന്ന് ഒറ്റ ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റില്ല. വർഗീസ് കണ്ടംകുളത്തി, എം.എൽ.റോസി, അനൂപ് ഡേവിസ് കാട, സാറാമ്മ റോബ്‌സൺ എന്നിവരെല്ലാം ഭരണപക്ഷ നിരയിലുണ്ടായിരുന്നിട്ടും മേയറുടെ രക്ഷയ്‌ക്കെത്തിയില്ല.
മേയർ സ്ഥലം സന്ദർശിച്ചു
വിവാദമായ ബിനി ടൂറിസ്റ്റ് ഹോം അനധികൃതമായി പൊളിച്ച സ്ഥലം മേയർ എം.കെ വർഗീസും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും കോർപ്പറേഷൻ എൻജിനീയറും ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ചു. വിഷയത്തിൽ രാഷ്ട്രീയം നോക്കാതെ നടപടി വരുമെന്നും കരാറുകാരനായ ജനീഷിനെയാണ് വിഷയത്തിൽ സംശയിക്കുന്നതെന്നും മേയർ വ്യക്തമാക്കി. അതേസമയം കരാറുകാരനെ മാറ്റുന്ന കാര്യത്തിൽ തനിക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് മേയർ. അഡ്വാൻസ് തുക വാങ്ങിയിട്ടുണ്ട്. മുഴുവൻ തുക അടച്ചിട്ടില്ല. ഇക്കാര്യം കൗൺസിൽ ചേർന്ന് തീരുമാനിക്കുമെന്നും മേയർ പറഞ്ഞു.
വലിയ തെറ്റാണ് നടന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവും.
എം.കെ.വർഗീസ് മേയർ