വെട്ടിക്കലിലെ ബ്രിട്ടീഷ് നിർമ്മിത തടയണ നിർമ്മിതിയിലും സാങ്കേതിക മികവിലും ശ്രദ്ധേയം

Thursday 19 January 2023 1:00 AM IST

ആറ്റിങ്ങൽ: ബ്രിട്ടീഷുകാർ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ വെട്ടിക്കലിൽ മാമം ആറിന് കുറുകേ നിർമ്മിച്ച ബണ്ട്, നിർമ്മിതിയിലും സാങ്കേതിക മികവിലും പ്രവർത്തനങ്ങളിലും ശ്രദ്ധേയമാകുന്നു. നാടിന് പൈതൃകമായ തടയണ 1894ൽ കരിങ്കല്ലിലാണ് നിർമ്മിച്ചത്. നാലു തട്ടുകളിലായി മാമം നദിയിൽ നിർമ്മിച്ച തടയണ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അന്നത്തെ എൻജിനിയറിംഗ് വൈഭവത്തിൽ ഇന്നും ഒന്നിനൊന്ന് മികവ് പുലർത്തുന്നത് ശ്രദ്ധേയം തന്നെ. അറുപത് മീറ്ററോളം വീതിയിൽ വെട്ടിക്കൽ നടപ്പാലത്തിന് സമീപം മാമം നദിക്ക് കുറുകെ നിർമ്മിച്ച ബണ്ടിന് കരിങ്കൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തടയണയിലെ കരിങ്കല്ലുകളെ ബന്ധിപ്പിക്കാൻ കല്ലുകളിൽ കുഴികൾ ഉണ്ടാക്കി അതിൽ ഇരുമ്പ് പട്ട കൊണ്ട് ചേർത്ത് പിടിപ്പിച്ചിരിക്കുന്നു. കല്ലുകൾക്കിടയിലെ വിടവുകൾ മൂടിയത് കുമ്മായവും, ശർക്കരയും ചേർത്ത സൂർക്കി മിശ്രിതം മാത്രം. 130 വർഷം പിന്നിട്ടിട്ടും ഇന്നും കരുത്തോടെ നദിയിലെ വെള്ളം സംരക്ഷിച്ച് തടയണ നിലനിൽക്കുന്നു. തടയണയുടെ പ്രയോജനം ഈ മേഖലയിലെ നെൽ കൃഷിയടക്കമുള്ള കർഷകർക്കാണ്.

 വെല്ലുവിളിയായി കാലപ്പഴക്കം

വെള്ളം തടഞ്ഞു നിറുത്താനും, ഒഴുക്കാനും തടയണയ്ക്കിടയിൽ രണ്ടിടങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അധിക വെള്ളം ഒഴുക്കി വിടാനും, തടഞ്ഞു നിറുത്താനും സംഭരിക്കാനും പലകകൾ കൊണ്ട് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പലകകൾ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തിയിൽ ഒലിച്ചു പോകാതിരിക്കാൻ തടികളുടെ മദ്ധ്യഭാഗത്ത് ഇരുമ്പ് തൂണുകൾ കൊണ്ട് ബലപ്പെടുത്തി പലകകൾക്ക് സംരക്ഷണകവചം ഒരുക്കിയിട്ടുണ്ട്. എന്നാൽ കാലപ്പഴക്കം കൊണ്ടുതന്നെ തടയണയുടെ രണ്ടിടങ്ങളിലും ഇരുമ്പ് പൈപ്പുകൾ തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു.

ഏറെ ടൂറിസം സാദ്ധ്യതയുള്ള സ്ഥലമാണ് ഇവിടം. സീസണുകളിൽ ടൂറിസ്റ്റുകളെ ഇവിടെ എത്തിക്കാൻ കഴിഞ്ഞാൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ മുഖം തന്നെ മാറും. ദേശീയ പാതയിൽ 18-ാം കല്ലിൽ നിന്ന് രണ്ട് കിലോ മീറ്ററിനുള്ളിലാണീ പ്രകൃതിരമണീയമായ തടയണയെന്നതും ശ്രദ്ധേയം.