കമ്പ്യൂട്ടർ യുഗത്തിലും ബാലൻ നമ്പ്യാരുടെ ടൈപ്പ് റൈറ്റിംഗ് മെഷീൻ പൊളിയാണ്

Wednesday 18 January 2023 8:50 PM IST

നീലേശ്വരം: പത്തു കഴിഞ്ഞാൽ ടൈപ്പ് റൈറ്റിംഗ് ആയിരുന്നു കമ്പ്യൂട്ടർ വ്യാപകമാകുന്നതിന് മുമ്പ് ബഹുഭൂരിഭാഗം വിദ്യാർത്ഥികളുടേയും തിരഞ്ഞെടുപ്പ്. ഡെസ്ക് ടോപ്പും ലാപ് ടോപ്പും സ്മാർട്ട് ഫോണും വിവിധ ആപ്പുകളുമൊക്കെയായി ടൈപ്പിംഗ് എല്ലാവർക്കും വഴങ്ങുന്ന പുതിയ കാലത്തും ടൈപ്പ് റൈറ്റിംഗ് മെഷീന്റെ പോയ കാല പ്രതാപത്തെ ഓർമ്മിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട് നീലേശ്വരത്ത്. അഞ്ച് പതിറ്റാണ്ടു പിന്നിട്ട ലളിത കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഡിജിറ്റൽ കമ്പ്യൂട്ടർ എഡ്യുക്കേഷൻ ആണിത്.

മുൻ ദേശീയ ഫുട്ബാൾ റഫറി കൂടിയായ ചിറപ്പുറത്തെ ഇ.ബാലൻനമ്പ്യാരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഒരു ഭാഗത്ത് കമ്പ്യൂട്ടർ പഠനം നടക്കുന്ന സ്ഥാപനത്തിൽ ഇന്നും കൂടുതൽ പഠിതാക്കൾ എത്തുന്നത് ടൈപ്പ് റൈറ്റിംഗ് വിദ്യ പഠിച്ചെടുക്കുന്നതിനാണെന്ന് ബാലൻനമ്പ്യാർ പറയുന്നു. ഇതിനൊപ്പം സജീവമായിരുന്ന സ്ഥാപനങ്ങളെല്ലാം ചിത്രത്തിൽ നിന്ന് പോയിക്കഴിഞ്ഞു. 1968ലാണ് ലളിത കൊമേഷ്യൽ ഇൻസിസ്റ്റ്യൂട്ട് തുടങ്ങുന്നത്. ആദ്യം കുറച്ച് ടൈപ്പ് റൈറ്റിംഗ് മെഷീനുകളെ ഉണ്ടായിരുന്നുള്ളു.എന്നാൽ പിന്നീടിത് 3040 മെഷീനുകൾ വരെയായി.

ഇത്രയും കാലയളവിനുള്ളിൽ ആയിരകണക്കിന് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ഇവിടെ നിന്ന് പഠിച്ചിറങ്ങി നിലവിൽ ഇവിടെ 30 മെഷീനുകളുണ്ട് . മലയാളത്തിൽ 45 അഭ്യാസം, ഇംഗ്ലിഷിൽ 27 എക്സർസൈസ് എന്നിങ്ങനെയുള്ള പഴയ ബുക്കിലെ സിലബസാണ് ഇവിടെ ഉപയോഗിക്കുന്നത്. ടൈപ്പ് റൈറ്റിംഗ് പഠിച്ചവർ കംപ്യൂട്ടർ ഉപയോഗിക്കുമ്പോഴുള്ള ജോലിയിലെ വേഗം ഉന്നത ഉദ്യോഗസ്ഥരടക്കം നേരിൽ സമ്മതിച്ചിട്ടുണ്ടെന്ന് ബാലൻനമ്പ്യാർ പറയുന്നു.

സ്റ്റെനോഗ്രഫർ, ടൈപ്പിസ്റ്റ്, ഓഫിസ് അസിസ്റ്റന്റ് തുടങ്ങിയ ജോലികൾക്ക് പി.എസ്.സി ടൈപ്പ് റൈറ്റിംഗ് യോഗ്യത ആവശ്യപ്പെടുന്നുണ്ട്. കോടതികളിൽ അടക്കം ഇപ്പോഴും ടൈപ്പ് റൈറ്ററുടെ ഒഴിവുമുണ്ട് . മറ്റ് പല വകുപ്പുകളിലും ക്ലർക്ക് കം ടൈപ്പിസ്റ്റിന്റെ തസ്തികകൾ ഇപ്പോഴുമുണ്ട് .ബാലൻനമ്പ്യാരുടെ ഇൻസ്റ്റിറ്റ്യൂട്ടിനെ തേടി കാസർകോട് മുതൽ പയ്യന്നൂർ വരെയുള്ള പഠിതാക്കൾ ഇപ്പോഴും എത്തുന്നുണ്ട്. കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയ്ക്ക് ടൈപ്പ് ഹയർ യോഗ്യത കൂടി വേണമെന്നതാണ് ഇതിന് കാരണം.

ടൈപ്പ് റൈറ്റിംഗ് പരീശീലകൻ എന്നതിൽ ഉപരി പഴയകാലത്തെ മികച്ച ഫുട്ബാൾ താരവും അക്രഡിറ്റേഷനുള്ള ദേശീയ റഫറിയുമാണ്. കണ്ണൂരിലെ ശ്രീ നാരായണ ടൂർണ്ണമെന്റ് ,കൗമുദി കപ്പ് ,ജില്ലാ ചാമ്പ്യൻഷിപ്പുകൾ,വനിതാ ഫെഡറേഷൻ കപ്പ്, കയ്യൂർ സ്മാരക ഫുട്‌ബോൾ എന്നിവ ഇദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട് നീലേശ്വരം രാജാസ് മൈതാനത്ത് കളിച്ചു വളർന്ന ഇദ്ദേഹം ഇപ്പോൾ 75ന്റെ നിറവിലാണ്.

പടം ബാലൻ നമ്പ്യാർ തന്നെ സ്ഥാപനത്തിൽ ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കുന്നു

Advertisement
Advertisement