പരിയാരം ഇനി ക്ഷീരഗ്രാമം

Wednesday 18 January 2023 9:27 PM IST

ലഭിക്കും 50 ലക്ഷം

സംസ്ഥാനത്ത് പ്രതി ദിനം രണ്ട് ലക്ഷം ലിറ്റർ പാലിന്റെ കുറവ്

തളിപ്പറമ്പ്: സർക്കാരിന്റെ ക്ഷീര ഗ്രാമം പദ്ധതിയിലേക്ക് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നിന്ന് പരിയാരം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് ആകെ 2022-2023 സാമ്പത്തിക വർഷത്തിൽ 20 തദ്ദേശ സ്ഥാപനങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തത്.സംസ്ഥാനത്തെ പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ പാൽക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നത് . ക്ഷീര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ഗുണഭോക്താക്കൾക്ക് നൽകും. പുതിയ പശുവിനെ വാങ്ങുന്നതിനും തൊഴുത്തുകൾ നവീകരിക്കുന്നതിനും കറവ യന്ത്രങ്ങൾ വാങ്ങുന്നതിനും ഉൾപ്പെടെ ഉള്ള സഹായങ്ങൾ ഗുണഭോക്താക്കൾക്ക് നൽകും.

ക്ഷീരഗ്രാമങ്ങൾ

സ്വയംപര്യാപ്ത ക്ഷീരകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനു ക്ഷീരകർഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ക്ഷീരഗ്രാമം. ക്ഷീരോല്പാദനത്തിന് കൂടുതൽ സാധ്യതയുളളതും ക്ഷീരവികസനത്തിന് അനുയോജ്യമായതുമായ പൊട്ടൻഷ്യൽ പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. 2016-17 സാമ്പത്തികവർഷം മുതലാണ് പദ്ധതി നടപ്പാക്കിയത്.

ഈ പദ്ധതി മുഖേന ഇതുവരെ 5,936 കറവപ്പശുക്കളെയും 933 കിടാരികളെയും അന്യസംസ്ഥാനത്തുനിന്ന് കേരളത്തിലേയ്ക്ക് എത്തിച്ചു. ഇപ്രകാരം പാലുൽപാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഉരുക്കളുടെ എണ്ണത്തിലും ആനുപാതിക വർദ്ധനവ് ഉണ്ടായി.

സംസ്ഥാനത്ത് 22 ക്ഷീരഗ്രാമങ്ങൾ കൂടി

2016-17 - 3

2017-18 - 5

2018-19-10

2019-20-10

2020-21 -25

2021-22-10

2022-23-22

ആകെ-85