ഗുണ്ടകളെയും ഗുണ്ടാ ബന്ധമുള്ള ഏമാൻമാരെയും കണ്ടില്ലെന്നുനടിച്ച് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്

Thursday 19 January 2023 2:42 AM IST

ശംഖുംമുഖം: ഗുണ്ടകളെയും ഗുണ്ടാബന്ധമുള്ള പൊലീസ് ഏമാൻമാരെയും കണ്ടില്ലെന്നു നടിക്കുകയാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്. പൊലീസുകാരുടെ ഗുണ്ട,​ മാഫിയ ബന്ധം രഹസ്യമായി കണ്ടെത്തി റിപ്പോർട്ട് ചെയ്യേണ്ട വിഭാഗമാണ് കണ്ണടച്ചിരിക്കുന്നത്. ഇത് മറയാക്കി ഗുണ്ടാസംഘങ്ങളെ കൂട്ടുപിടിച്ച് പൊലീസ് ഉദ്യോഗസ്ഥർ സമ്പാദിച്ചുകൂട്ടിയത് ലക്ഷങ്ങളാണ്. പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നടക്കാൻ സാദ്ധ്യതയുള്ള സംഭവങ്ങളെ മുൻകൂട്ടി മനസിലാക്കി ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനൊപ്പം സ്റ്റേഷനിലെ പൊലീസുകാർ അനധികൃതമായി ഇടപെടുന്ന കേസുകളുടെ കാര്യങ്ങൾ, ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ ദിനംപ്രതി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുന്നതിനായി എല്ലാ സ്റ്റേഷനുകളിലും രണ്ട് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാൾ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിലെയും രണ്ടാമൻ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലെയും ചുമതലക്കാരാണ്. സ്റ്റേഷനുകളിലെ വിവരങ്ങൾ രഹസ്യമായി ശേഖരിച്ച് മുകളിലേക്ക് റിപ്പോർട്ട് നൽകേണ്ടത് ഇവരാണ്. പൊലീസ് ഉദ്യോഗസ്ഥരും മാഫിയാ സംഘങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പലയിടത്തും ഉന്നതങ്ങളിൽ അറിയിക്കാതെ മറച്ചുപിടിക്കാറാണ് പതിവ്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിനെ രണ്ടായി തിരിച്ച് സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച്, റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് എന്ന നിലയിൽ രണ്ട് ഡിവൈ.എസ്.പിമാരുടെ കീഴിലാണ് വിന്യസിച്ചിരിക്കുന്നത്. അതത് സ്റ്റേഷനുകളിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ സിറ്റി പൊലീസ് കമ്മിഷണർക്കും റൂറൽ എസ്.പിക്കും നൽകേണ്ടതാണ്. അതിൽ വളരെ പ്രധാന്യമുള്ള വിവരങ്ങൾ ഇന്റലിജൻസ് എ.ഡി.ജി.പിക്ക് കൈമാറും. ആഴ്ചയിൽ ഒരു ദിവസം സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ സിറ്റിയിലും റൂറലിലും സ്‌പെഷ്യൽ ഉദ്യോഗസ്ഥരുടെ അവലോകന യോഗവും നടക്കാറുണ്ട്. കൃത്യമായി വിവരം നൽകിയ ഉദ്യോഗസ്ഥർക്ക് 100 മുതൽ 5000 രൂപ വരെയുള്ള റിവാർഡും നൽകാറുണ്ട്. മുമ്പ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന പല ഉദ്യോഗസ്ഥരും കൃത്യമായ വിവരങ്ങൾ നൽകിയതിന്റെ പേരിൽ പലതവണ റിവാർഡുകൾ വാങ്ങിയിരുന്നു. എന്നാൽ അടുത്ത കാലങ്ങളിൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കൃത്യമായി വിവരങ്ങൾ നൽകുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. സിറ്റിയിലും റൂറലിലും നടന്ന ഗുണ്ടാ ആക്രമണവും ഗുണ്ടാ സംഘങ്ങളുമായുള്ള ഉദ്യോഗസ്ഥരുടെ പങ്കും ഇവർ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ സ്റ്റേറ്റ് ഇന്റലിജൻസിന് ഇത്തരം വിവരങ്ങൾ കൃത്യമായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് എ.ഡി.ജി.പിയാണ് ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ജില്ലയിൽ മിക്ക സ്റ്റേഷനുകളിലെയും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഭരിക്കുന്ന പാർട്ടിയുടെ സ്വാധീനത്തിൽ എത്തിയവരാണ്. പൊലീസുകാരുടെ ഗുണ്ട,​ മാഫിയാ ബന്ധത്തിന്റെ വിവരങ്ങൾ ലഭിച്ചാലും ഇവർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യാറില്ല.

Advertisement
Advertisement