ലോകാരോഗ്യക്രമത്തിലേക്ക് ഇന്ത്യയുടെ ചുവട്

Thursday 19 January 2023 12:00 AM IST

സമ്പന്ന-ദരിദ്ര രാജ്യങ്ങൾക്കു സാർവത്രിക ആരോഗ്യസംരക്ഷണം ലഭ്യമാക്കാനും പകർച്ചവ്യാധികളെയും മഹാമാരികളെയും ചെറുക്കാനും പ്രാപ്തമാക്കുന്ന ആഗോള ആരോഗ്യ സുരക്ഷാനിർമിതിക്ക് തിരുവനന്തപുരത്തു നടക്കുന്ന ജി 20 ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ തുടക്കമാവും.

ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷപദത്തിന്റെ ഭാഗമായി, 2023 ജനുവരിയിൽ തുടക്കംകുറിക്കുന്ന ആരോഗ്യ പ്രവർത്തകസമിതി യോഗങ്ങളിൽ അംഗരാജ്യങ്ങളിൽനിന്നുള്ള നയആസൂത്രകരും വൈദ്യശാസ്ത്രമേഖലയിലെ വിദഗ്ദ്ധരും ആഗോള ആരോഗ്യസുരക്ഷാനിർമിതിയുടെ അടിത്തറയും ചട്ടക്കൂടും വ്യക്തമാക്കും. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ രാജ്യങ്ങളെ സജ്ജരാക്കാനും കരുത്തുറ്റ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാനും വിഭാവനം ചെയ്തിട്ടുള്ളതാണ് ആഗോള ആരോഗ്യ സുരക്ഷാനിർമിതി.

കൊവിഡ് 19 പ്രതിസന്ധിഘട്ടങ്ങളിൽ പഠിച്ച പാഠങ്ങൾ കണക്കിലെടുത്ത്, ഇന്തോനേഷ്യൻ അദ്ധ്യക്ഷപദം (2022) ആഗോള ആരോഗ്യനിർമിതി ശക്തിപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ആരോഗ്യസ്ഥാപനങ്ങളിൽ ഏതു സമ്മർദവും നേരിടുംവിധമുള്ള സംവിധാനമൊരുക്കാനും ആവശ്യപ്പെട്ടു.

ഇന്ത്യയ്‌ക്ക് ആഗോള ആരോഗ്യനിർമിതി മൂന്നു പ്രധാന മുൻഗണനകളിൽ അധിഷ്ഠിതമാണ്. പൊട്ടിപ്പുറപ്പെടലുകൾ തടയുക,​ സജ്ജമാകുക,​ പ്രതികരിക്കുക എന്നിവയ്‌ക്കുള്ള ദേശീയശേഷി ശക്തിപ്പെടുത്തുകയാണ് ആദ്യത്തേത്. ആ അജൻഡയിൽ 'ഏകാരോഗ്യ' സമീപനവും ആന്റിമൈക്രോബയൽ റെസിസ്റ്റൻസും

(എ.എം.ആർ) ഉൾപ്പെടും. ലോകാരോഗ്യസംഘടന, ലോകബാങ്ക്, ജി 7,
അക്‌സസ് ടു കൊവിഡ് 19 ടൂൾസ് അക്‌സലറേറ്റർ തുടങ്ങിയവയുമായി സഹകരിച്ച്, നിലവിലുള്ള സംവിധാനങ്ങൾ കൂട്ടിയിണക്കാനും തടസങ്ങൾ കണ്ടെത്താനും ശ്രമിക്കും. ആരോഗ്യ അടിയന്തരാവസ്ഥയെ അഭിസംബോധന ചെയ്യുന്ന മികച്ച പ്രവർത്തനമാണ് പദ്ധതിയിടുന്നത്.

ഗുണമേന്മയുള്ള വാക്സിനുകൾ, ചികിത്സകൾ, രോഗനിർണയം എന്നിവയിലേക്കുള്ള തുല്യതയാർന്ന പ്രവേശനസംവിധാനം മെച്ചപ്പെടുത്താൻ ഔഷധമേഖലയിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് രണ്ടാമത്തെ മുൻഗണന. ഇന്ത്യയിൽനിന്നുള്ള പൊതുഔഷധങ്ങൾ ലോകമെമ്പാടും വിലമതിക്കുന്നു. 2022 സാമ്പത്തിക വർഷത്തിൽ, 24.47 ബില്യൺ ഡോളറിന്റെ ഔഷധ ഉത്‌പന്നങ്ങൾ 200 രാജ്യങ്ങൾക്കു വിതരണംചെയ്തു. നിരവധി എൽ.എം.ഐ.സികൾക്കു താങ്ങാനാകുന്ന വിലയിൽ എച്ച്‌.ഐ.വി മരുന്നുകളും ടിബി പ്രതിരോധമരുന്നുകളും നൽകുന്നത് ഇന്ത്യ തുടരുകയാണ്.
ജീവൻരക്ഷാ വാക്സിന്റെ അസമത്വം പരിഹരിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് ലോകമെമ്പാടും വിലമതിച്ചിട്ടുണ്ട്. കൊവിഡ്19 കാലത്ത്, ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ ശതകോടിക്കണക്കിനു ഡോസ് വാക്സിൻ വാങ്ങൽ നടപടികൾ ത്വരിതപ്പെടുത്തിയപ്പോൾ, നിരവധി ദരിദ്രരാജ്യങ്ങൾ പൗരന്മാരെ വൈറസിന്റെ വെല്ലുവിളികളിൽനിന്നു സംരക്ഷിക്കാൻ പാടുപെട്ടു. 'വാക്സിൻ മൈത്രി' സംരംഭത്തിലൂടെ, കൊവിഡ്19ന്റെ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യ നൂറിലധികം രാജ്യങ്ങൾക്കു നിർണായക വാക്സിൻ ഡോസുകൾ നൽകി.
ഔഷധമേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഉത്പാദനബന്ധിത ആനുകൂല്യപദ്ധതികൾ ഗവൺമെന്റ് അവതരിപ്പിച്ചു. ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കാനായി ബൾക്ക് ഡ്രഗ് പാർക്കുകൾ ആസൂത്രണം ചെയ്യുകയും സാധാരണ പരിശോധനകളിലേക്കും ലബോറട്ടറി സൗകര്യങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശിക്കാൻ മെഡിക്കൽ ഉപകരണപാർക്കുകൾ ആരംഭിച്ചു.

സാർവത്രിക ആരോഗ്യപരിരക്ഷയെ സഹായിക്കാൻ ഡിജിറ്റൽ ആരോഗ്യമേഖലയിലെ നവീന ആശയങ്ങൾക്കും പ്രതിവിധികൾക്കുമാണ് മൂന്നാമത്തെ മുൻഗണന. റിമോട്ട് ഡേറ്റ ക്യാപ്ചർ, മെഡിക്കൽ ഡയഗ്‌നോസിസ്, വെർച്വൽ കെയർ എന്നിവയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സഹായിക്കുന്നത് എങ്ങനെയെന്ന് ആഗോളതലത്തിലെ കൊവിഡ്19 അനുഭവം തെളിയിച്ചിട്ടുണ്ട്. ഈ അനുഭവം ഇന്ത്യയെ മാറ്റിമറിച്ചു. പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമാകാൻ ദശലക്ഷക്കണക്കിനു പൗരന്മാർ കോവിൻ ആപ്ലിക്കേഷൻ ഉപയോഗിച്ചു; ആയിരങ്ങൾ ഓൺലൈൻ മെഡിക്കൽ പരിശോധനകളുടെ ഭാഗമായി; വിദൂരമേഖലകളിൽ ടെലി കൺസൾട്ടേഷൻ ജീവനുകൾ രക്ഷിച്ചു.

കേന്ദ്രഗവൺമെന്റിന്റെ സൗജന്യ ടെലിമെഡിസിൻ സേവനമായ ഇ-സഞ്ജീവനി അടുത്തിടെ 90 ദശലക്ഷം കോടി ടെലികൺസൾട്ടേഷനുകളെന്ന ശ്രദ്ധേയ നാഴികക്കല്ലു പിന്നിട്ടു. ഇന്ത്യയുടെ ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമുകൾ സാർവത്രിക ആരോഗ്യപരിരക്ഷയുടെ (യു.എച്ച്.സി) ലക്ഷ്യങ്ങൾ കൈവരിക്കാൻ എല്ലാ കോണിലുമെത്തി. 500 ദശലക്ഷത്തിലധികം പേർക്കു മൂന്നുഘട്ടങ്ങളിലായി സൗജന്യ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന ആയുയ്‌മാൻ ഭാരത് പി.എം.ജെ.എ.വൈ പോലുള്ള സംരംഭങ്ങളിലൂടെ യു.എച്ച്.സിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇന്ത്യ മുന്നോട്ടു നീങ്ങുന്നു എന്നതു ശ്രദ്ധേയമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു സംസ്ഥാനങ്ങളിലുടനീളം പദ്ധതി നടപ്പാക്കിയത്.

ഈ മുൻഗണനയ്ക്കു കീഴിൽ, ആഗോള ഡിജിറ്റൽ പൊതുജനാരോഗ്യ ഉപാധികളായ ടെലിമെഡിസിൻ, ടെലിറേഡിയോളജി, ടെലിഒപ്താൽമി എന്നിവയ്ക്കു പുറമെ ഇ.ഐ.സിയുവും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഡിജിറ്റൽ പൊതുജനാരോഗ്യ സംവിധാനം എന്ന നിലയിൽ 'കോവിൻ' നിരവധി രാജ്യങ്ങളുമായി പങ്കിട്ടിട്ടുണ്ട്.
കോവിഡ്19ന്റെ പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിൽ, സാർവത്രിക പ്രതിരോധകുത്തിവയ്പു പരിപാടിയിൽ ലോകത്തിന്റെ മുൻനിരയിലുള്ള രാജ്യമെന്ന സ്ഥാനം ഇന്ത്യക്കു സ്വന്തമാക്കാനായി. മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ അടിസ്ഥാനസൗകര്യങ്ങളുള്ള നിരവധി രാജ്യങ്ങൾ പലമേഖലകളിലും വെല്ലുവിളി നേരിട്ട സമയത്ത്, സമയബന്ധിതമായ ആസൂത്രണം, വാക്സിനേഷൻ ശീതശൃംഖലകളുടെ കാര്യക്ഷമമായ നിർവഹണം, വാക്സിൻ നിർമാണത്തിലെ ഗവേഷണവികസനം, കേന്ദ്രസംസ്ഥാന സഹകരണത്തിലൂടെയുള്ള കേന്ദ്രീകൃത നയതീരുമാനങ്ങളും കൂട്ടായ നടപ്പാക്കലും എന്നിവയിലൂടെ 2.2 ബില്യണിലധികം ഡോസ് കൊവിഡ് പ്രതിരോധകുത്തിവയ്പ് നടത്തുന്നത് എങ്ങനെയെന്ന് ഇന്ത്യ തെളിയിച്ചു. ആരോഗ്യകരമായ ലോകക്രമത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടു നിർദ്ദേശിക്കാനുള്ള നിയോഗമാണു ഇന്ത്യയ്‌ക്ക് ജി 20 അദ്ധ്യക്ഷപദം .

Advertisement
Advertisement