പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും: അർബൻ നിധിയിൽ ഐ.ബി തുടങ്ങി
Wednesday 18 January 2023 9:52 PM IST
കണ്ണൂർ:കോടികളുടെ കണ്ണൂർ അർബൻ നിധി തട്ടിച്ചുമായി ബന്ധപ്പെട്ട് ഐ.ബി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. അന്വേഷണം മറ്റ് ഏജൻസികളെ ഏൽപ്പിക്കുന്നതിന് മുന്നോടിയായുള്ള നടപടിയാണെന്നാണ് സൂചന. കളളപ്പണം വെളുപ്പിക്കൽ അടക്കം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഐ.ബിയുടെ ഇടപെടൽ. പല സ്റ്റേഷനുകളിലായി സംഘത്തിനെതിരെ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ജയിലിലുള്ള പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ അർബൻ നിധി, എനി ടൈം മണി എന്നീ സാമ്പത്തിക സ്ഥാപനങ്ങളുടെ പേരിൽ നടന്ന ഞെട്ടിക്കുന്ന തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ജില്ലയിലുള്ള മറ്റ് സമാന സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.