പാറശാലയിൽ റെയിൽ മാർഗം കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

Thursday 19 January 2023 1:39 AM IST

പാറശാല: കേരളത്തിലേക്ക് റെയിൽ മാർഗം കഞ്ചാവ് കടത്താൻ ശ്രമിച്ച ആൾ പാറശാലയിൽ പിടിയിലായി.

കളിയിക്കാവിള ആർ.സി സ്ട്രീറ്റ് അഗസ്റ്റിൻ ഭവനിൽ ബെന്നറ്റ്‌ (49) ആണ് അമരവിള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ട്രെയിൻ മാർഗം കഞ്ചാവുമായി പാറശാല റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കാത്തുനിന്ന എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ട് 4ഓടെയാണ് സംഭവം. രണ്ടുകിലോ വീതമുള്ള നാല് ബണ്ടിലുകളിലായി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. കഞ്ചാവ് ചെറിയ പൊതികളാക്കി പരിസരപ്രദേശങ്ങളിലും താലൂക്കിന്റെ വിവിധ മേഖലകളിലും വിൽക്കുകയാണ് പതിവെന്ന് പ്രതി പറഞ്ഞു. എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥരായ ജസ്റ്റിൻരാജ്, സാജു എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.