പൈപ്പ് ലൈൻ കുഴിക്കലിൽ റോഡ് കുളമായി

Thursday 19 January 2023 1:58 AM IST

നെയ്യാറ്റിൻകര: ഒരേ സമയം റോഡ് ടാറിടലും പൈപ്പ് ലൈൻ കുഴിക്കലും. കാൽനടയാത്രപോലും ദുഃസ്സഹമാക്കി റോഡ് വാഹനയാത്ര. പെരുങ്കടവിള പഞ്ചായത്തിന്റെ മാമ്പഴക്കര പാലം മുതൽ പഴയ ചെക്ക് പോസ്റ്റ് കവല വരെയുള്ള റോഡാണ് ചെളിയും മണ്ണും അടിഞ്ഞ് ചില ഭാഗങ്ങളിൽ കുഴികളുമായി താറുമാറായത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി പെരുങ്കടവിള ഭാഗത്തെ പ്രധാന റോഡായ മാമ്പഴക്കര മുതൽ പുതിയ ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിനായി ആഴത്തിൽ കുഴി കുഴിച്ച് തുടങ്ങിയത്. ഇത് പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടലിന് കാരണമായതോടെയാണ് റോഡിൽ ചെളിയും വെള്ളവും കെട്ടാൻ തുടങ്ങിയത്.
കുഴിയെടുപ്പുമായി ബന്ധപ്പെട്ട് മണ്ണുമാന്തി കൊണ്ടുവന്ന് റോഡിനോട് ചേർന്നുള്ള വശങ്ങൾ കുത്തിപ്പൊളിച്ചതോടെ റോഡരികെല്ലാം പൊളിഞ്ഞ് നാശമായി. ഇത്തരത്തിൽ റോഡ് തകർന്നതോടെ വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും സ്കൂൾ കുട്ടികൾക്കും ഇതുവഴിയുള്ള യാത്ര ഏറെ ദുരിതം പേറിയതായി. കുഴിയെടുക്കുന്നതിനിടെ ഈ ഭാഗങ്ങളിൽ മുമ്പ് സ്ഥാപിച്ച പല ജലവിതരണ പൈപ്പുകളും പൊട്ടി ചെളിയും വെള്ളവുമെല്ലാം റോഡിലായി. സമയബന്ധിതമായി പൊട്ടിയപൈപ്പുകൾ അറ്റകുറ്റപ്പണി നടത്താൻ വൈകുന്നതാണ് വെള്ളം കെട്ടിക്കിടന്ന് റോഡ് തകരുന്നതിനിടയാക്കുന്നത്. പഞ്ചായത്തിലെ തോട്ടവാരം ചെക്ക് പോസ്റ്റ് പ്രദേശം ആകെ ഇപ്പോൾ താറുമാറായ അവസ്ഥയിലാണ്. ആഴ്ചകൾക്ക് മുമ്പാണ് റോഡ് ടാർ ചെയ്ത് നവീകരിച്ചത്. അതിനിടെയാണ് പൈപ്പ് കുഴിക്കൽ ആരംഭിച്ചത്. ഒരേ സമയം തന്നെ ടാറിടലും പൈപ്പ് കുഴിക്കലും ഇവിടെ തകൃതിയായി നടന്നിരുന്നു. അശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നതെന്നാണ് പൊതുവെയുള്ള ആക്ഷേപം.

 ഗതാഗത തടസ്സവും

നിലവിൽ പൈപ്പ് ലൈൻ കുഴിക്കുന്നിടത്ത് കാളിപ്പാറ ജലവിതരണ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുലൈനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ പെരുങ്കടവിള പഞ്ചായത്തിലെ തത്തമല, ആങ്കോട്, പുളിമാൻകോട്, പാൽക്കുളങ്ങര തുടങ്ങിയ വാർഡുകളിൽ പലപ്പോഴും ശുദ്ധജലക്ഷാമം രൂക്ഷമായതിനാൽ ഇവിടത്തെ പൈപ്പ് ലൈൻ മാറ്റി ജൽജീവൻ മിഷൻ പദ്ധതിയുമായി കൂട്ടിയോജിപ്പിച്ച് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടത്തുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിനോട് ചേർന്ന് ആഴത്തിൽ കുഴിക്കുന്നതാണ് പൊതുവേ വീതി കുറഞ്ഞ റോഡിൽ ഗതാഗത തടസ്സത്തിനും റോഡിന്റെ തകർച്ചയ്ക്കും കാരണമാകുന്നത്.

 വലഞ്ഞ് പൊതുജനം
ആഴ്ചകൾക്ക് മുമ്പ് ടാറിട്ട് തീർന്നതിന് അടുത്ത ദിവസം പെരുമ്പഴുതൂർ - അരുവിപ്പുറം റോഡ് കുത്തിപ്പൊളിച്ച് താറുമാറാക്കിയിരുന്നു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്താനായി റോഡ് കുത്തിപ്പൊളിച്ചു എന്നായിരുന്നു അധികൃതരുടെ വാദം. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടും അനാവശ്യ ചെലവുകൾക്ക് ഇടയാക്കുന്നതുമാണെന്നാണ് വ്യാപകമായ ആരോപണം. പലപ്പോഴും റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തൊട്ടുപിന്നാലെയായിരിക്കും വാട്ടർ അതോറിട്ടി ശുദ്ധികലശത്തിന് പുറപ്പെടുന്നത്. ഇത്തരത്തിലുള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണി തീർക്കലാണ് പ്രദേശത്തെ പല ഭാഗങ്ങളിലും റോഡുകൾ തകർന്ന് നാശമാകാൻ കാരണമെന്നാണ് പ്രദേശവാസികളുടെ പരാതി.

Advertisement
Advertisement