നഗരഹൃദയത്തിൽ കുടിവെള്ള വിതരണം അവതാളത്തിൽ വിതരണം വേഗത്തിലാക്കാനുള്ള പദ്ധതി പാതിവഴിയിൽ

Thursday 19 January 2023 3:04 AM IST

തിരുവനന്തപുരം: അടിക്കടിയുള്ള പൈപ്പ് പൊട്ടൽ കാരണം സെക്രട്ടേറിയറ്റ്-നിയമസഭ പരിസരങ്ങളിൽ പതിവായി കുടിവെള്ള വിതരണം തടസപ്പെടുന്നതായി ആക്ഷേപം. ഫ്ളാറ്റുകളും വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളുമടക്കമുള്ള ആയുർവേദ കോളേജ്,​​ പാളയം,​ ബേക്കറി ജംഗ്ഷൻ,​ സ്റ്റാച്യു എന്നീ ഭാഗങ്ങളിലടക്കം ആഴ്‌ചയിൽ മൂന്ന് ദിവസം വരെയാണ് വെള്ളം മുടങ്ങുന്നത്. കാലപ്പഴക്കമേറിയ പൈപ്പുകൾ ഇടയ്‌ക്കിടെ പൊട്ടുന്നതാണ് കാരണം. തടസമില്ലാതെയുള്ള ജലവിതരണത്തിന് വാട്ടർ അതോറിട്ടി പ്രഖ്യാപിച്ച അഞ്ചുകോടിയുടെ പദ്ധതി പാതിവഴിയിലാണ്. ഒബ്സർവേറ്ററി ടാങ്കിൽ നിന്ന് ഊറ്റുകുഴി വഴി സെക്രട്ടേറിയറ്റ് പരിസരത്തുകൂടി ആയുർവേദ കോളേജ് വരെ നീളുന്ന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. പത്തുവർഷത്തിലധികം കാലപ്പഴക്കമേറിയ എച്ച്.ഡി.പി.ഇ പൈപ്പുകളാണ് നിലവിലുള്ളത്. പലയിടത്തും പൈപ്പിന് കേടുപാടുകളുണ്ട്. ഇവ മുഴുവനും മാറ്റി 350 എം.എം.ഡി.ഐ പൈപ്പ് സ്ഥാപിക്കാൻ 2019ൽ അഞ്ച് കോടി വകയിരുത്തി, ജോലികളും തുടങ്ങിയിരുന്നു. കഴിഞ്ഞ സെപ്‌തംബറിൽ പൂർത്തിയാകേണ്ട പദ്ധതി ഇതുവരെ പൂർത്തിയായത് 25ശതമാനം മാത്രം.

പദ്ധതിക്ക് ഒച്ചിഴയും വേഗം

3600 മീറ്റർ വരെ ഇടേണ്ട പൈപ്പ് രണ്ടുവർഷംകൊണ്ട് ഇട്ടത് 1100 മീറ്റർ മാത്രം. പൈപ്പിടാനായി നഗരത്തിലെ വിവിധ റോഡുകൾ വാട്ടർ അതോറിട്ടി കുഴിച്ചെങ്കിലും ജോലികൾ ഇഴഞ്ഞതിനാൽ പൈപ്പിടൽ പൂർത്തിയാകുംമുമ്പ് വെട്ടിപ്പൊളിച്ച റോഡുകൾ ടാറിട്ടു. പൊതുമരാമത്ത് റോഡിൽ പൈപ്പിടാനുള്ള അനുമതി ലഭിച്ചാലേ ജോലികൾ പുനരാംഭിക്കാനാകൂ. പദ്ധതി അനന്തമായി നീളുന്നതിനെതിരെ പലതവണ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.

Advertisement
Advertisement