നയന കേസ്; മൊഴിയെടുക്കൽ രണ്ടുദിവസത്തിനുള്ളിൽ തുടങ്ങും

Thursday 19 January 2023 2:33 AM IST

തിരുവനന്തപുരം: സംവിധായിക നയനയുടെ ദുരൂഹമരണം പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രണ്ട് ദിവസത്തിനുള്ളിൽ മൊഴിയെടുക്കൽ ആരംഭിക്കും. മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് മുൻപ് മൊഴി നൽകിയവരെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്. മുൻപ് മൊഴിയെടുത്തവരിൽ നിന്ന് വിട്ടുപോയ കാര്യങ്ങളോ പുതിയ വിവരങ്ങളോ തേടുകയാണ് ലക്ഷ്യം. ആദ്യം മൊഴിനൽകിയ നയനയുടെ സഹോദരൻ മധുവിന്റെ പുതിയ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. തുടർന്ന് നയന മരിച്ചുകിടന്ന മുറിയിൽ ആദ്യം പ്രവേശിച്ച മൂന്ന് സുഹൃത്തുക്കളുടെ മൊഴി വീണ്ടുമെടുക്കും. ആദ്യഘട്ട അന്വേഷണം നടത്തിയ മ്യൂസിയം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യംചെയ്യും. ഇവരുടെ മൊഴികൾ കേസിൽ നിർണായകമാണ്. ഇവ മുഴുവൻ പുതുതായി രേഖപ്പെടുത്തിയ ശേഷം കേസന്വേഷണം അടുത്തഘട്ടത്തിലേക്ക് കടക്കും. ഈ കേസിൽ അവശേഷിക്കുന്ന ഇലക്‌ട്രോണിക്ക് തെളിവുകളായ ലാപ്‌ടോപ്പും മൊബൈൽഫോണും ക്രൈംബ്രാഞ്ച് സംഘം ഫോറൻസിക്ക് ലാബിന്റെ സഹായത്തോടെ പരിശോധിക്കും. നയനയെ മരിച്ചനിലയിൽ കണ്ടെത്തിയ വെള്ളയമ്പലം ആൽത്തറ ജംഗ്ഷന് സമീപത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. അന്വേഷണ സംഘത്തലവൻ എസ്.പി മധസൂദനന്റെയും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെയും നേതൃത്വത്തിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട പരിശോധന. ആദ്യഘട്ടത്തിലെ മഹസർ റിപ്പോർട്ടിന്റെ വിശകലനവും കെട്ടിടത്തിന്റെ ഘടന മനസിലാക്കലുമായിരുന്നു ലക്ഷ്യം.