ഈരാറ്റുപേട്ട - വാ​ഗമൺ റോഡ്: ടെൻഡർ ഊരാളുങ്കലിന്

Thursday 19 January 2023 12:56 AM IST

കോട്ടയം: പത്തു വർഷം തകർച്ചയിലാണ്ട ഈരാറ്റുപേട്ട - വാ​ഗമൺ റോഡി​ന്റെ ടെൻഡർ 13.9 കോടി രൂപയ്‌ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റി സ്വന്തമാക്കി. നിർമ്മാണത്തിൽ വീഴ്ച വരുത്തിയതിന് ആദ്യം കരാറെടുത്ത എറണാകുളത്തെ ഡീൻ കൺസ്ട്രഷൻസിനെ പൊതുമരാമത്ത് വകുപ്പ് നീക്കിയിരുന്നു. തുടർന്നാണ് പുതിയ ടെൻഡർ വിളിച്ചത്.

ഏഴു പേരാണ് ടെൻഡർ സമർപ്പിച്ചത്. ഇതിൽ രണ്ടുപേരെ അയോ​ഗ്യരാക്കി. ബാക്കി അഞ്ചു പേരിൽ നിന്നാണ് ഊരാളുങ്കലിനെ തിരഞ്ഞെടുത്തത്. ഇവരുമായി അടുത്ത ദിവസം കരാറൊപ്പിടും. വേഗത്തിൽ നിർമ്മാണം തുടങ്ങി മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കാൻ സെബാ​സ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർദ്ദേശിച്ചിട്ടുണ്ട്.

2016ൽ റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിന് കിഫ്‌ബിയിലുൾപ്പെടുത്തി ഉൾപ്പെടുത്തി 63.99 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കലിലെ താമസം തിരിച്ചടിയായി. തുടർന്ന് ടാറിംഗിനായി 19.90 കോടി അനുവദിച്ചെങ്കിലും നിർമ്മാണത്തിൽ വീഴ്ചയുണ്ടായി.

മുൻ കരാറുകാര​ന്റെ നിർമ്മാണ കാലാവധി 2022 ആ​ഗസ്റ്റ് 24ന് പൂർത്തിയായിട്ടും നാല് മാസം തുടർനടപടിയുണ്ടായില്ല. തുടർന്ന് കരാറുകാരനെ മാറ്റി റീ-ടെൻഡർ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതിയുടെ ഇടപെടലുമുണ്ടായി. മദ്ധ്യകേരളത്തിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ വാ​ഗമണ്ണിലേക്ക് എത്തിച്ചേരാനുള്ള പ്രധാന റോഡാണിത്. 24 കിലോമീറ്ററുള്ള ഈരാറ്റുപേട്ട - വാ​ഗമൺ റോഡിൽ തീക്കോയി കല്ലം മുതൽ വഴിക്കടവ് വരെയുള്ള ഭാ​ഗത്തെ യാത്രയാണ് ഏറെ ദുഷ്കരം.

13.9 കോടിയുടെ പദ്ധതി

 ഈരാറ്റുപേട്ട - വാ​ഗമൺ റോഡിന്റെ നീളം- 24 കി. മീ

 ആദ്യം കരാറെടുത്തത് എറണാകുളത്തെ ഡീൻ കൺസ്ട്രഷൻസ്

 2016ൽ കിഫ്ബി വഴി റോഡ് വീതികൂട്ടാൻ അനുവദിച്ചത്- 63.99 കോടി

 ടാറിംഗിന് അനുവദിച്ചത്- 19.90 കോടി

 കരാർ റദ്ദായത് 2022 ആ​ഗസ്റ്റ് 24

 പുതുതായി ഡെൻഡർ നൽകിയവർ- 7

 അയോ​ഗ്യരാക്കപ്പെട്ടവർ- 2