ദേശീയ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് തെലങ്കാനയിൽ ബി.ആ‍ർ.എസിന്റെ മഹാറാലി

Wednesday 18 January 2023 11:05 PM IST

തെലങ്കാന: ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളെ അണി നിരത്തി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയുടെ (ബി.ആർ.എസ്) ആദ്യ പൊതുയോഗം ഇന്നലെ ഖമ്മത്ത് നടന്നു. തെലങ്കാന രാഷ്ട്രസമിതിയെ (ടി.ആർ.എസ്) ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റിയതിനു ശേഷമുള്ള ആദ്യ ബഹുജന പരിപാടി പ്രതിപക്ഷ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയ നേതാക്കൾ കൂടി പങ്കെടുത്ത പരിപാടി പ്രതിപക്ഷ ഐക്യത്തിന്റെയും ശക്തിപ്പെടലിന്റെയും സൂചന കൂടി നൽകുന്നതായിരുന്നു.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വിരുദ്ധ സഖ്യത്തിന് കളമൊരുക്കുക, ബി.ജെ.പിക്കും കോൺഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് മഹാറാലി സംഘടിപ്പിച്ചത്. ഖമ്മത്ത് എത്തുന്നതിന് മുമ്പ് കെ.സി.ആറും അരവിന്ദ് കേജ്‌രിവാളും അഖിലേഷ് യാദവും യാദഗിരി ഗുട്ടയിലെത്തി ക്ഷേത്ര ദർശനം നടത്തി.

തൊഴിലില്ലായ്മയോ അവശ്യ സാധന വില വർദ്ധനവോ പ്രധാനമന്ത്രിക്ക് വിഷയമല്ല. ബി.ജെ.പി ഇതര സർക്കാരുകളെ താഴെയിറക്കുന്നതിലാണ് ശ്രദ്ധ. പഞ്ചാബ്,​ഡൽഹി,​ തമിഴ്നാട്,​ കേരളം,​ തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി

ഗവർണർമാരിലൂടെ തടസ്സം സൃഷ്ടിക്കുകയാണെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. രാജ്യത്തെ യുവാക്കൾക്ക് തൊഴിലാണ് വേണ്ടതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നമ്മൾ ഒരുമിച്ചു നിന്നാൽ പുരോഗമന അജൻഡയിലൂടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് അഖിലേഷ് യാദവും പറഞ്ഞു. ചന്ദ്രശേഖർ റാവുവിന്റെ പ്രസംഗത്തോടെ മെഗാ റാലി സമാപിച്ചു.

Advertisement
Advertisement