ഓപ്പറേഷൻ ഓവർ ലോഡ്: ആർ.ടി.ഒ ഉദ്യോഗസ്ഥർ വാങ്ങിയത് ലക്ഷങ്ങൾ

Thursday 19 January 2023 12:01 AM IST

കോട്ടയം: 'ഓപ്പറേഷൻ ഓവർ ലോഡെന്ന" പേരിൽ കോഴയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടോറസ് ലോറി ഉടമയും ഏജന്റുമായ കടപ്പൂര് വട്ടുകുളം സ്വദേശി രാജീവിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയത് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ഉദ്യോഗസ്ഥരുമായുള്ള ലക്ഷങ്ങളുടെ കൈക്കൂലിയിടപാട്. എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരായ വി. ഷാജൻ,​ അജിത് ശിവൻ,​ അനിൽ എന്നിവർ ഗൂഗിൾ പേയിലൂടെയും നേരിട്ടും ബിനാമി അക്കൗണ്ടുകളിലേയ്‌ക്കുമാണ് പണം വാങ്ങിയത്.

പാസില്ലാതെയും അനധികൃതമായും ലോറികളിൽ മണ്ണ് കടത്തുന്നതിനാണ് പ്രതിമാസം ഒരു ലക്ഷത്തിന് മുകളിൽ ഉദ്യോസ്ഥർ കൈപ്പറ്റിയത്. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്ത് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. ലോറി ഉടമകൾ രാജീവിനാണ് പണം നൽകിയിരുന്നത്. ഇത് രാജീവ് മൂന്ന് ഉദ്യോഗസ്ഥർക്കുമായി വീതിച്ചു നൽകുന്നതായിരുന്നു പതിവ്. ഷാജൻ തന്റെ പിതാവിന്റെ അക്കൗണ്ടിലേയ്ക്കും, അനിൽ നേരിട്ടും നീതു എസ്. നായർ എന്ന പേരിലുള്ള ഗൂഗിൾ പേ നമ്പരിലേയ്ക്കും അജിത് ശിവൻ സ്വന്തം അക്കൗണ്ടിലേയ്ക്കുമാണ് പണം വാങ്ങിയത്. ഷാജൻ 1.15 രൂപയാണ് കഴിഞ്ഞ മാസം മാത്രം വാങ്ങിയത്. ഈ മാസം ഇതുവരെ 55,000 രൂപയും മൂന്ന് മാസത്തിനിടെ മൂന്ന് ലക്ഷം രൂപയും കൈക്കൂലിയായി വാങ്ങി. അജിത് ശിവൻ 55 ട്രാൻസാക്ഷൻസിലൂടെ 1.20 ലക്ഷം രൂപയാണ് കൈപ്പറ്റിയത്.

 പ്രത്യേക പരിശോധനയും ചോർത്തി

പ്രത്യേക പരിശോധനയുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥർ കൃത്യമായ വിവരങ്ങൾ ചോർത്തി നൽകിയിരുന്നു. ഓവർ ലോഡും ജി.എസ്.ടി വെട്ടിപ്പുമുൾപ്പെടെ ഖജനാവിലേയ്‌ക്ക് കിട്ടേണ്ട ലക്ഷങ്ങളാണ് ഇതിലൂടെ നഷ്ടമായത്. ഇന്നലെ മാത്രം അമിത ഭാരം കയറ്റിയതിന് 8.80 ലക്ഷം രൂപയാണ് വിജിലൻസ് പിഴയായി ഈടാക്കിയത്. കോട്ടയം വിജിലൻസ് ഡിവൈ.എസ്.പി എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ സി.ഐ സാജു എസ്. ദാസ്,​ എസ്.ഐ സ്റ്റാൻലി തോമസ്,​ എ.എസ്.ഐമാരായ സുരേഷ് ബാബു,​ ഹാരീസ്,​ സീനിയർ ഉദ്യോഗസ്ഥരായ അരുൺ ചന്ദ്,​ രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement