ചർമ്മ മുഴയ്ക്ക് വാക്സിൻ യജ്ഞം ഇന്ന് മുതൽ
Thursday 19 January 2023 12:10 AM IST
കോട്ടയം: പശുക്കളിലെ ചർമ്മ മുഴ രോഗത്തിനെതിരായ തീവ്ര വാക്സിനേഷൻ യജ്ഞം ഇന്ന് മുതൽ ഫെബ്രുവരി 24 വരെ നടക്കും. എല്ലാ പഞ്ചായത്തുകളിലും സ്‌ക്വാഡുകൾ തിരിച്ചാണ് വാക്സിനേഷൻ. ജില്ലയിൽ കടുത്തുരുത്തി മേഖലയിൽ ചർമ്മ മുഴ വ്യാപകമായിരുന്നു. നാല് മാസത്തിന് മുകളിൽ പ്രായമുള്ള എരുമ ഒഴികെയുള്ള എല്ലാ കന്നുകാലികളിലും വകുപ്പിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ വീടുകളിൽ വന്നു സൗജന്യ പ്രതിരോധ കുത്തിവയ്പ് നൽകും. കർഷകന്റെ പേര് വിവരങ്ങൾ വകുപ്പ് പോർട്ടലിൽ രേഖപ്പെടുത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചാർജുള്ള മഞ്ജു സുജിത്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ ഷാജി പണിക്കശേരി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. ജയദേവൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാർ പി.കെ, ജില്ലാ എപിഡെമിയോളജിസ്റ്റ് ഡോ. രാഹുൽ എസ്. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.