പാലാ നഗരസഭാ ചെയർമാൻ സ്ഥാനാർത്ഥി: എൽ.ഡി.എഫിൽ തർക്കം മുറുകി, പ്രഖ്യാപനം ഇന്ന്

Thursday 19 January 2023 12:38 AM IST

പാലാ: ഇടതുമുന്നണിയുടെ പാലാ നഗരസഭാ ചെയർമാൻ സ്ഥാനാർത്ഥിയെ ഇന്ന് രാവിലെ പ്രഖ്യാപിക്കും. ഇന്നലെ സി.പി.എം ഏരിയാ കമ്മിറ്റി യോഗവും നഗരസഭയിലെ സി.പി.എം പാർലമെന്ററി പാർട്ടി യോഗവും പിന്നീട് നഗരസഭയിലെ ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗവും ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും തർക്കം തുടരുന്ന സാഹചര്യത്തിൽ രണ്ട് തവണ മാറ്റിവയ്ക്കുകയായിരുന്നു.

ഇന്ന് രാവിലെ 10.30 വരെ ചെയർമാൻ സ്ഥാനത്തേക്ക് നോമിനേഷൻ നൽകാം. ഇതിന് മുന്നോടിയായി രാവിലെ എട്ടിന് സി.പി.എം പാലാ ഏരിയ കമ്മറ്റിയോഗവും 8.30ന് സി.പി.എം കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി യോഗവും ഒമ്പതിന് നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി യോഗവും സി.പി.എം പാലാ ഏരിയാ കമ്മറ്റി ഓഫീസിൽ നടക്കും.

ഇടതുമുന്നണിയുടെ നിർണായക തീരുമാനം യോഗത്തിൽ പ്രഖ്യാപിക്കും. അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ പേരിൽ സി.പി.എമ്മും കേരളാ കോൺഗ്രസും രണ്ട് തട്ടിൽ നിന്നപ്പോഴുണ്ടായ പ്രശ്‌നങ്ങൾ തീർക്കുകയും യുക്തമായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്യുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം. 11 മണിക്ക് നഗരസഭാ കോൺഫറൻസ് ഹാളിലാണ് ചെയർമാൻ തിരഞ്ഞെടുപ്പ്. വി.സി പ്രിൻസാണ് യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി.