ജീവനൊടുക്കാൻ ബീച്ചിലെത്തി, ജീവിതത്തിലേക്ക് മടക്കി പൊലീസ്
ആലപ്പുഴ : ജീവനൊടുക്കാൻ മണ്ണെണ്ണയും തീപ്പെട്ടിയുമായി ആലപ്പുഴ ബീച്ചിൽ എത്തിയ ഇരവുകാട് സ്വദേശിനിയായ എൺപതുകാരിയെ ടൂറിസം പൊലീസെത്തി പിന്തിരിപ്പിച്ചു. ഇന്നലെ രാവിലെ 11മണിയോടെ ടൂറിസം എസ്.ഐ ജയറാം, സിവിൽ പൊലീസ് ഓഫീസർമാരായ സി.എ.വിനു, ലജുമോൾ എന്നിവർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കാറ്റാടി ഭാഗത്ത് വൃദ്ധയെ സംശയകരമായ രീതിയിൽ കണ്ടത്.
കൈയ്യിൽ തീപ്പെട്ടിയും മണ്ണെണ്ണ കാനും കണ്ടതോടെ പൊലീസ് വൃദ്ധയെ ടൂറിസം പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭർത്താവും രണ്ട് പെൺമക്കളും മരിച്ചു പോയതിനെ തുടർന്ന് ഇരവുകാടുള്ള ഒരു വീട്ടിൽ ജോലിക്ക് പോയി വരികയാണെന്നും ഇളയമരുമകനോടൊപ്പമാണ് താമസമെന്നും വൃദ്ധ പൊലീസിനോട് പറഞ്ഞു. മരുമകൻ നല്ല രീതിയിൽ നോക്കുന്നുണ്ടെങ്കിലും തനിക്ക് കണ്ണിനു സുഖം ഇല്ലാത്തതിനാൽ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതിയാണ് മരിക്കാൻ തീരുമാനിച്ചതെന്നും ഇവർ പറഞ്ഞു. തുടർന്ന് വൃദ്ധയെ ടൂറിസം പൊലീസ് വനിത പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. വൃദ്ധയ്ക്കായി മരുമകനും അയൽവാസികളും ഇതിനിടെ അന്വേഷണം തുടങ്ങിയിരുന്നു. വനിതാ പൊലീസ് മരുമകൻ താമസിക്കുന്ന വാടക വീട്ടിൽ വൃദ്ധയെ എത്തിച്ചതോടെയാണ് നാട്ടുകാർക്കും വീട്ടുകാർക്കും സമാധാനമായത്.