10 വർഷം, പോക്സോ കേസുകൾ 1273

Thursday 19 January 2023 12:55 AM IST

കോട്ടയം: അക്ഷര നഗരിയെന്ന് പുകഴ്പെറ്റ നാട്ടിൽ 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 1273 പോക്സോ കേസുകൾ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 10 വർഷം കൊണ്ട് ജില്ലയിൽ പോക്സോ കേസുകളിൽ അഞ്ചിരട്ടിയായി വർദ്ധിച്ചു.

ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളാണ് പോക്‌സോ കേസുകൾ വർദ്ധിക്കുന്നതിൽ വില്ലനായത്. കഴിഞ്ഞ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഏറെയും ഇൻസ്റ്റഗ്രാം പരിചയത്തിൽ നിന്ന് തുടങ്ങിയതാണെന്ന് പൊലീസ് പറയുന്നു.

2013ൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 34 കേസാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2022ൽ അത് 192 ആയി. പാലാ,​ എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, കടുത്തുരുത്തി, ഈരാറ്റുപേട്ട, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് കേസുകൾ കൂടുതൽ. സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽകോട്ടയം 2013ൽ 11-ാം സ്ഥാനത്തായിരുന്നു. ഈ വർഷം അത് പത്തായി.

 വില്ലനായി മൊബൈൽ ഫോണും

മൊബൈൽ ഫോണാണ് മിക്കയിടത്തും വില്ലൻ. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികളിലേറെയും ഇരകളാക്കിയത് മൊബൈലിലൂടെ പരിചയപ്പെട്ടവരാണ്. 15നും 17നും വയസിനിടയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെല്ലാം ഇൻസ്റ്റഗ്രാമിന്റെ ഇരകളാണ്. റീൽസ് ചെയ്തു മറ്റും ഇൻസ്റ്റഗ്രാമിൽ പരിചയമുണ്ടാക്കിയവരാണ് ചൂഷണം ചെയ്തവരിലേറെയും. പരിചയം നടിച്ചെത്തിയവരിൽ ഭൂരിഭാഗവും അന്യജില്ലക്കാരാണ്. ഓൺലൈൻ ക്ളാസുകൾക്കായി നൽകിയ മൊബൈൽ ഫോൺ വിനയായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2022 ൽ 192 കേസുകൾ

 2013ൽ - 34  2014ൽ - 67  2015ൽ - 71  2016ൽ - 112  2017ൽ - 145

 2018ൽ - 157

 2019ൽ - 195

 2020ൽ - 132

 2021ൽ - 168

 2022ൽ - 192

'കേസുകൾ കൂടുന്നത് പൊലീസ് കൂടുതലായി ഇടപെടുന്നത് കൊണ്ടു കൂടിയാവാം. ചുറ്റുപാടും എന്തുനടന്നാലും സ്വന്തംവീട്ടിൽ മാത്രം അതുണ്ടാവില്ലെന്നുള്ള ചിന്ത മാറണം. പല കുട്ടികളും മാതാപിതാക്കളോട് തുറന്ന് സംസാരിക്കാൻ മടിക്കുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടേയും ഇടയിലുള്ള അകൽച്ചമാറണം".

- പി.എം. രമ്യ, കൗൺസിലർ