കുഷ്ഠരോഗ നിർണയ പരിപാടിക്ക് തുടക്കം

Thursday 19 January 2023 12:35 AM IST
അശ്വമേധം കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിക്കുന്നു

തൃശൂർ: കുഷ്ഠരോഗ നിർമാർജ്ജനത്തിന് ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 5.0 ഭവന സന്ദർശന പരിപാടിയുടെ അഞ്ചാംഘട്ടത്തിന് ജില്ലയിൽ തുടക്കം. രണ്ട് വയസിന് മുകളിലുള്ള എല്ലാവരിലും പ്രാഥമിക ചർമ്മ പരിശോധന നടത്തി രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതാണ് പരിപാടി. രണ്ടാഴ്ച നീളുന്ന കാമ്പയിൻ 31ന് സമാപിക്കും.

874 സൂപ്പർവൈസർമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പരിശീലനം സിദ്ധിച്ച 8,740 സന്നദ്ധ പ്രവർത്തകർ 87,5570 വീടുകൾ ഈ കാലയളവിൽ സന്ദർശിക്കും. പരിശോധനയെത്തുടർന്ന് രോഗനിർണയം നടത്തുന്നവർക്ക് പ്രാരംഭത്തിൽ തന്നെ ചികിത്സ നൽകാനാകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു.

ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജീബ്, ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ.എൻ. സതീഷ്, ഡോ. രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.