കുട്ടികൾക്കിനി കാർട്ടൂൺ പകരും ട്രാഫിക് ബോധവത്കരണ സന്ദേശം

Thursday 19 January 2023 12:39 AM IST

തൃശൂർ: സ്‌കൂളുകളിലെ കാർട്ടൂൺ ബോർഡുകൾ കാണുമ്പോൾ ഇനി വിദ്യാർത്ഥികൾക്ക് ശ്രദ്ധിക്കാതിരിക്കാനാകില്ല, അതിലുള്ളത് അവരുടെ ഇഷ്ട കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളിലൂടെ ട്രാഫിക് ബോധവത്കണ സന്ദേശം കുട്ടികളുടെ മനസുകളിലേക്ക് പകർത്താനുമാകും.

കുട്ടികളിൽ ട്രാഫിക് അവബോധം സൃഷ്ടിക്കാൻ സ്‌കൂളുകളിൽ ആകർഷകമായ ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സിറ്റി പൊലീസ്. ലയൺസ് ക്ലബ്ബുമായി സഹകരിച്ചാണ് ബോർഡുകൾ സ്ഥാപിക്കുന്നത്. തൃശൂർ ഹോളിഫാമിലി ഹൈസ്‌കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നിർവഹിച്ചു.

തൃശൂർ ലയൺസ് ക്ലബ് പ്രതിനിധികളായ സുഷമ നന്ദകുമാർ, ടോണി ഏനോക്കാരൻ, ജയിംസ് വളപ്പില, പോൾ വാഴക്കാല എന്നിവർ പങ്കെടുത്തു. ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി വിവിധ പൊലീസ് സ്റ്റേഷനുകളുടെ ആഭിമുഖ്യത്തിൽ ഡ്രൈവർമാർക്കായി ട്രാഫിക് ബോധവത്കരണവും വിദ്യാർത്ഥികൾക്ക് ട്രാഫിക് ക്വിസ്, ഡ്രോയിംഗ് മത്സരങ്ങളും സംഘടിപ്പിച്ചു.

അപകടങ്ങൾ കുറയ്ക്കുകയും ഉത്തരവാദിത്വവും പൗരബോധവുമുള്ള തലമുറയെ സൃഷ്ടിക്കുകയുമാണ് ട്രാഫിക് ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

- അങ്കിത് അശോകൻ, സിറ്റി പൊലീസ് കമ്മിഷണർ