മേഘാലയ: തകർന്നടിഞ്ഞ കോൺഗ്രസ് തിരിച്ചുവരുമോ

Thursday 19 January 2023 1:41 AM IST

ന്യൂഡൽഹി: ഏറ്റവും കൂടുതൽ എം.എൽ.എമാരുണ്ടായിരുന്നിടത്തു നിന്ന് അഞ്ചു വർഷത്തിനിപ്പുറം നിയമസഭയിൽ സാന്നിധ്യം പോലുമില്ലാതായ കഥയാണ് മേഘലയിൽ കോൺഗ്രസിന്റേത്. ഫെബ്രുവരി 27ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് നിലനിൽപ്പിനുള്ള പോരാട്ടം കൂടിയാണ്.

2018ലെ എം.എൽ.എ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 21 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായിരുന്നു കോൺഗ്രസ്. എന്നാൽ കേവലഭൂരിപക്ഷം തികയ്‌ക്കാനാകാതെ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ പരാജയപ്പെട്ടു. 19 സീറ്റുകളുള്ള എൻ.പി.പി നേതാവ് കോൺറാഡ് സാങ്മ സർക്കാർ രൂപീകരിക്കുകയും ചെയ്‌തു. ബി.ജെ.പി പിന്തുണയോടെ പ്രാദേശിക പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി) നടത്തിയ രാഷ്ട്രീയ നീക്കങ്ങളായിരുന്നു കോൺഗ്രസിനെ പിന്നോട്ടടിച്ചത്. വിൻസെന്റ് പാലായുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്ന് ഓരോരുത്തരായി മറുകണ്ടം ചാടി.

2018ൽ മുൻ സ്പീക്കറും റാണിക്കോർ നിയമസഭാംഗവുമായ എം.എം ഡാംഗോ എൻ.പി.പിയിൽ ചേർന്നതാണ് ആദ്യത്തെ വിള്ളൽ. അദ്ദേഹം രാജിവച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.പിയാണ് ജയിച്ചത്. പിന്നീട് മൂന്ന് എം.എൽ.എമാർ അന്തരിച്ചു.

2021നവംബറിൽ കോൺഗ്രസിന് വൻ നാണക്കേടുണ്ടാക്കി 12 എം.എൽ.എമാർ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അവശേഷിച്ച അഞ്ച് എം.എൽ.എമാരിൽ രണ്ട് പേർ അടുത്തിടെ എൻ.പി.പിയിലും രണ്ട് പേർ യു.ഡി.പിയിലും ഒരാൾ ബി.ജെ.പിയിലും ചേർന്നു.

തൃണമൂലിൽ ചേർന്ന 12 പേരിൽ നാലുപേർ പിന്നീട് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇക്കഴിഞ്ഞ

ഡിസംബറിൽ 400 മേഘാലയ യൂത്ത് പ്രദേശ് കോൺഗ്രസ് അംഗങ്ങളാണ് പാർട്ടി വിട്ടത്.

Advertisement
Advertisement