ധനവ്യവസായ ബാങ്ക് തട്ടിപ്പ്: തെളിവെടുപ്പ് തുടങ്ങി

Thursday 19 January 2023 12:42 AM IST

തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ധനവ്യവസായ ബാങ്കേഴ്‌സിലെ ഇടപാടുകാരിൽ നിന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണർ കെ.എ.തോമസ് തെളിവെടുപ്പ് തുടങ്ങി. ഇടപാടുകാരെ നേരിട്ട് വിളിച്ചും തെളിവ് ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമായ ധനവ്യവസായ ബാങ്കേഴ്‌സ് ഉടമ ജോയ് ഡി.പാണഞ്ചേരി, ഭാര്യ റാണിയെന്ന കൊച്ചുറാണി എന്നിവരെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരുന്നു. ടൗൺ ഈസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 200 ഓളം നിക്ഷേപകരുള്ള സ്ഥാപനത്തിൽ പകുതി പേരും പരാതി നൽകിയതായാണ് വിവരം. വലപ്പാട് സ്റ്റേഷനിൽ ജോയിയുടെ മകൻ ഡേവിഡിനെതിരെയും പരാതിയുണ്ട്. 250 കോടിയുടെ നിക്ഷേപം സ്വീകരിച്ചെന്ന് ഇടപാടുകാർ പറയുന്നുണ്ടെങ്കിലും പരാതിപ്രകാരം അഞ്ച് കോടിയുടെ തട്ടിപ്പാണെന്ന് പൊലീസ് പറയുന്നു.